കൊച്ചി:മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായി കടന്നുവന്ന താരമാണ് നടന്‍ റഹ്‌മാന്‍. മലയാളത്തില്‍ നിന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും റഹ്‌മാന്‍ എത്തി. തുടക്ക കാലത്തെ സിനിമകളിലൂടെതന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്‌മാന്‍ നേടിയെടുത്തത്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വീണ്ടും തിരിച്ചുവരവ് നടത്തിയത്. മണിരത്‌നം മാജിക് എന്ന് വിശേഷിപ്പിക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായാണ് റഹ്‌മാന്‍ എത്തിയത്.
എന്നാലപ്പോഴും റഹ്‌മാന്‍ പഴയ റൊമാന്റിക് ഹീറോ തന്നെയാണ്. അക്കാലത്ത് ഒട്ടേറെ സ്ത്രീകളുടെ മനസ്സില്‍ ഇടംപിടിച്ച റഹ്‌മാന്‍ തന്റെ ജീവിതത്തില്‍ ഒപ്പം അഭിനയിച്ച നടിയുമായുണ്ടായ പ്രണയത്തേയും അത് നഷ്ടപ്പെട്ടപ്പോളുണ്ടായ അവസ്ഥകളേയും കുറിച്ച് പറയുകയാണ്. അന്ന് തന്നെക്കൊണ്ട് അതംഗീകരിക്കാന്‍ പറ്റിയില്ലെങ്കിലും ഇന്ന് ആലോചിക്കുമ്പോള്‍ അതായിരുന്നു ശരിയെന്ന് തോന്നുന്നതായും റഹ്‌മാന്‍ പറയുന്നു.
1983-ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ തൻ്റെ സിനിമ ജീവിതം ആരംഭിയ്ക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിക്കൊണ്ടായിരുന്നു തുടക്കം. പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അഭിനയിച്ച ഈ ചിത്രമാണ് പിന്നീട് റഹ്‌മാൻ്റെ കരിയറില്‍ തന്നെ നാഴികക്കല്ലായി മാറിയത്. പിന്നീട് റഹ്‌മാന്‍ എത്തിയത് മലയാളത്തിൻ്റെ പ്രിയ റൊമാന്റിക് ഹീറോയായാണ്. മലയാളത്തില്‍ നിന്ന് തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം തിളങ്ങി. റഹ്‌മാൻ്റെ സിനിമകളേക്കാള്‍ ട്വിസ്റ്റുകളും റൊമാൻസും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പ്രണയവും നഷ്ടവും കരിയറും വിവാഹവുമെല്ലാം ഒരു കഥപോലെ കേട്ടിരിക്കാന്‍ സാധിയ്ക്കുന്നതാണ്.
ഒപ്പം അഭിനയിച്ച നായികയോട് പ്രണയം തോന്നിയതിനെക്കുറിച്ചുള്ള ചോദ്യം കേട്ടപ്പോള്‍ തന്നെ റഹ്‌മാൻ്റെ കണ്ണുകള്‍ കുറച്ച് നിമിഷത്തേയ്ക്ക് നിശ്ചലമായി. പെട്ടെന്ന് ആ ഓര്‍മ്മകള്‍ മുഖത്ത് മിന്നിമറഞ്ഞു. ഒപ്പം അഭിനയിച്ച നായികയോട് തോന്നിയ പ്രണയം ഇന്നും അദ്ദേഹത്തിൻ്റെ മനസ്സില്‍ മങ്ങലേല്‍ക്കാത്ത ഓര്‍മ്മകളായി കിടക്കുകയാണെന്ന് തോന്നിപ്പോകും. അപ്പോഴും ദീര്‍ഘനിശ്വാസത്തിന് ശേഷം റഹ്‌മാന്‍ പറഞ്ഞു തുടങ്ങി. തൻ്റെ രണ്ടാമത്തെ സിനിമയില്‍ ഒപ്പം അഭിനയിച്ച ആള്‍ ജീവിതത്തിലും ഒപ്പമുണ്ടാവണമെന്ന് കരുതി. പക്ഷേ നടന്നില്ല. രണ്ടുപേര്‍ക്കും അറിയുന്ന കാര്യമാണത്. കരിയറില്‍ കുറേക്കൂടി മുന്നോട്ടുപോയപ്പോള്‍ അവളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങി.
അവള്‍ വിട്ടുപോകും എന്നത് എനിക്ക് താങ്ങാനായില്ല. സിനിമയില്‍ കാണുന്നതുപോലെ നിരാശാ കാമുകനായിരുന്നു ഞാന്‍. സഹിക്കാന്‍ കഴിയുന്ന വേദനയായിരുന്നില്ല അന്ന് എനിക്കുണ്ടായത്. അതൊക്കെ മാറാന്‍ കുറേക്കാലമെടുത്തു. അതോടെ ഇനി ജീവിതത്തിൽ വിവാഹമേ വേണ്ടെന്നാണ് ഞാന്‍ തീരുമാനിച്ചു. മറ്റൊരാളെ സ്‌നേഹിക്കാനോ ഒപ്പം ജീവിക്കാനോ പറ്റുന്ന മാനസികാവസ്ഥയിലേയ്ക്ക് എത്തുമെന്ന് തോന്നിയിരുന്നില്ല. അവള്‍ പോയതിൻ്റെ വേദന മറന്നെങ്കിലും മറ്റൊരാളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റാനുള്ള മനസ് കിട്ടിയത് ഒരുപാട് താമസിച്ചാണ്. പിന്നീടാണ് മെഹറുവിനെ കാണുന്നത്. അതാണ് എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.
വളരെ അപ്രതീക്ഷിതമായാണ് റഹ്‌മാന്‍ മെഹറുന്നിസയെ കാണുന്നത്. ആദ്യമായി കണ്ടപാടേ റഹ്‌മാന് മെഹറുവിനെ ഇഷ്ടമായി. തന്റെ ഇഷ്ടം തുറന്നുപറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അവര്‍. സിനിമയില്‍ നിന്നുള്ള ഒരാളെ വീട്ടുകാര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ മെഹറുവിന് സംശയമുണ്ടായിരുന്നു. തൻ്റെ മൂത്ത സഹോദരിയുടെ വിവാഹക്കാര്യങ്ങളും പെട്ടെന്ന് തൻ്റെ കല്യാണം നടത്തുന്നതിന് തടസ്സമായിരുന്നു. എന്നാല്‍ ചേച്ചിയുടെ വിവാഹം നടന്നതോടെ റഹ്‌മാന്‍ മെഹറുവിനെ പെണ്ണ് ചോദിക്കാന്‍ വീട്ടിലെത്തി. കരിയറില്‍ തിളങ്ങിനിന്ന ആ ചെറുപ്പക്കാരനെ എല്ലാവര്‍ക്കും ഇഷ്ടമായി, ഇതോടെയാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്.
റെഹ്‌മാന്‍ ഇന്ന് ഏറെ സന്തോഷവാനായ ഒരു കുടുംബസ്ഥന്‍ കൂടിയാണ്. ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം വളരെ മനോഹരമായ ജീവിതം നയിക്കുകയാണ് താരം. എപ്പോഴും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. മക്കളോടുള്ള അടുപ്പത്തെക്കുറിച്ച് അദ്ദേഹം പറയാതെ തന്നെ പ്രേക്ഷകര്‍ക്ക് വ്യക്തമാണ്. മൂത്ത മകളുടെ വിവാഹവും അമ്മയായപ്പോഴുള്ള വിശേഷങ്ങളുമെല്ലാം അദ്ദേഹം സ്വന്തം കുടുംബാംഗങ്ങള്‍ എന്നപോലെയാണ് പ്രേക്ഷകരോട് പങ്കുവെച്ചത്.
മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ പേരുകള്‍ക്കൊപ്പം ഒരുകാലത്ത് ഉയര്‍ന്നുകേട്ട പേരാണ് റഹ്‌മാന്‍. പക്ഷേ കരിയറില്‍ വിജയിക്കാന്‍ ഒട്ടേറെ സാധ്യതകളുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് സിനിമ ജീവിതത്തിൽ നഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. അതില്‍ മറ്റാരേയും താന്‍ കുറ്റപ്പെടുത്തില്ലെന്നാണ് അദ്ദേഹം പറയുന്നത്. കാരണം കരിയറിനെക്കുറിച്ച് എനിക്കൊരു വ്യക്തതയുണ്ടായിരുന്നില്ല. എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്നൊന്നും ഞാന്‍ അന്ന് കൃത്യമായി ആലോചിച്ചില്ല. തമിഴിലേയ്ക്ക് പോയതോടെ പിന്നീട് മലയാളത്തിലേയ്ക്ക് വരാന്‍ അവസരം ലഭിച്ചിട്ടും അത് ഫോളോ ചെയ്യാനോ അതിനുവേണ്ടി പരിശ്രമിക്കാനോ ഞാന്‍ തയ്യാറായിരുന്നില്ല. അതാണ് എനിക്ക് പറ്റിയത്.