24.5 C
Kottayam
Monday, May 20, 2024

ഏക സിവിൽകോഡിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ് ഒളിച്ചോടുന്നു; മന്ത്രി മുഹമ്മദ് റിയാസ്

Must read

കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ് ഒളിച്ചോടുകയാണെന്ന് പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മത വർഗീയ വിഷയങ്ങളിൽ നിലപാടെടുക്കേണ്ടിവരുമ്പോൾ കോൺഗ്രസ് എല്ലാക്കാലത്തും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഏതെങ്കിലുമൊരു മതവിഭാഗം നേരിടുന്ന പ്രശ്നം എന്ന നിലയിലല്ല ഏക സിവിൽ കോഡിനെ കാണേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. വർഗീയ അജൻഡകളോട് സന്ധി ചെയ്യുകയും ഇരു മത വർഗീയ വാദികളെയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചു വരുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഇത്തരം വിഷയങ്ങളിലൊന്നും ശരിയായ നിലപാടെടുക്കാത്തതിനാലാണ് കോൺഗ്രസ് സംഘടനാപരമായി തകരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഇതുതന്നെയാണുണ്ടായതെന്ന് പറഞ്ഞ മന്ത്രി കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും ആരോപിച്ചു.

‘1992-ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അന്ന് രാജ്യം ഭരിച്ച നരസിംഹ റാവുവിന്റെ നേത്രൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച സമീപനവും നമുക്കറിയാം. ഇന്ത്യയുടെ മത നിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബ്റി മസ്ജിദിന്റെ തകർച്ചക്ക് നരസിംഹറാവു കണ്ണടച്ചു സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ച ശക്തവും മതനിരപേക്ഷവുമായ നിലപാടിനെ തകർക്കാനാണ് ബിജെപി ശ്രമിച്ചത്’, മുഹമ്മദ് റിയാസ് പറഞ്ഞു.

അപ്പോഴും കോൺഗ്രസ് ചെയ്തത് ബിജെപിക്കൊപ്പം നിന്ന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണെന്നും മന്ത്രി തുറന്നടിച്ചു. നേതൃത്വത്തിന്റെ ഈ നിലപാടിൽ ഇന്ത്യ മത രാഷ്ട്രം ആകരുതെന്നു നിസ്വാർഥമായി ആഗ്രഹിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണെന്നും അത് ഭാവി കേരള രാഷ്ട്രീയത്തിൽ കൃത്യമായി പ്രതിഫലിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week