ബാങ്കോക്കില്‍ നിന്ന് കോടികളുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി എത്തി: നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; തൃശൂര്‍ സ്വദേശി കൊച്ചി കസ്റ്റംസിന്റെ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ ലഹരിവേട്ട. ബാങ്കോക്കില്‍നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ യാത്രക്കാരനില്‍നിന്ന് 5.88 കോടി രൂപ വിലമതിക്കുന്ന അതീവ വീര്യമേറിയ ഹൈഡ്രോപോണിക് ഗഞ്ചാ (ഹൈബ്രിഡ് കഞ്ചാവ്) കൊച്ചി എയര്‍പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ കോട്ടപ്പുറം മങ്ങാട് സ്വദേശി റിച്ചി ആന്റണിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

ബാങ്കോക്കില്‍നിന്ന് ഫ്‌ലൈറ്റ് എഫ്.ഡി 170 വിമാനത്തിലാണ് റിച്ചി ആന്റണി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൊണ്ടുവന്ന ചെക്ക്-ഇന്‍ ബാഗേജ് അഴിച്ചുപരിശോധിച്ചപ്പോഴാണ് ഉള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ചു വെച്ചിരുന്ന നിലയില്‍ 5.88 കിലോഗ്രാം ഹൈഡ്രോപോണിക് വീഡ് കണ്ടെത്തിയത്.

വിദേശരാജ്യങ്ങളില്‍ മണ്ണില്ലാതെ പ്രത്യേക താപനിലയില്‍ കൃത്രിമ വെളിച്ചവും ലവണങ്ങളും ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന ഉയര്‍ന്ന വീര്യമുള്ള കഞ്ചാവ് ഇനമാണ് ഹൈഡ്രോപോണിക് വീഡ്. ലഹരി വിപണിയില്‍ കിലോയ്ക്ക് ഒരുകോടി രൂപയോളം വിലമതിക്കുന്ന ഈ ഹൈബ്രിഡ് ലഹരിമരുന്ന്, നഗരങ്ങളിലെ വന്‍കിട ലഹരിപ്പാര്‍ട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കടത്തിക്കൊണ്ടുവന്നതെന്ന് കസ്റ്റംസ് വിലയിരുത്തുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ സ്വദേശിയായ റിച്ചി ആന്റണിക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, കൊച്ചിയില്‍ ഇത് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നും കസ്റ്റംസ് വിശദമായി അന്വേഷിച്ചുവരികയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരി റാക്കറ്റിലെ കണ്ണികളെക്കുറിച്ചും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തിനെക്കുറിച്ചും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലുണ്ടാകുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News