ഹൈദരാബാദ്: നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നീതി തട്ടിപ്പറിച്ച് ഒരു കുടുംബത്തെ പെരുവഴിയിലാക്കിയിരിക്കുകയാണ് ഹൈദരാബാദില്‍. സ്ഥലം ഇന്‍സ്പെക്ടര്‍ തന്നെ യുവതിയെ ബലാത്സംഗം ചെയ്യുക. പരാതി നല്‍കിയതിന് യുവതിയെ വണ്ടിയിടിച്ച് കൊല്ലാന്‍ നോക്കുക. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുക.സെക്കന്തരാബാദ് മാറേഡ്പ്പള്ളി സ്റ്റേഷന് പരിധിയിലാണ് കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരത.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വന്തം ഫാംഹൗസിലെ ജീവനക്കാരന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ഇന്‍സ്പെട്കര്‍ നാഗേശ്വര്‍ റാവു പീഡിപ്പിച്ചത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഭര്‍ത്താവ് വാതില്‍ചവിട്ടി തുറന്ന് നാഗേശ്വര്‍ റാവുവിനെ മര്‍ദിക്കാന്‍ ഒരുങ്ങിയതും , ഇന്‍സ്പെക്ടര്‍ റിവോള്‍വര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്ക് കൊണ്ട് യുവാവിനെ അടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു.തകര്‍ന്നിരുന്ന കുടുംബത്തിലേക്ക് വൈകിട്ടോടെ ഒരു പൊലീസുകാരനെത്തി. ഭീഷണി സന്ദേശവുമായാണ് ഈ പൊലീസുകാരനെത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുതെന്നും കൂടുതല്‍ കളിച്ചാല്‍ അഴിയെണ്ണുമെന്നുമായിരുന്നു ഭീഷണി.
എന്ത് വന്നാലും പരാതി നല്‍കുമെന്ന നിലപാടിലായിരുന്നു കുടുംബം. വെള്ളിയാഴ്ച ഉച്ചയോടെ വനസ്ഥിലപുരം എസ്ഐക്ക് യുവതി പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ രേഖകളുമായാണ് പരാതിപ്പെട്ടത്. എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ല. അന്ന് രാത്രി ഒരു സംഘം പൊലീസുകാര്‍ യുവതിയുടെ വീട്ടിലെത്തി. ഭര്‍ത്താവിനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കഞ്ചാവ് പായ്ക്കറ്റുകള്‍ കൈയ്യില്‍ പിടിപ്പിച്ച് ചിത്രങ്ങളെടുത്തു. പിന്നാലെ കഞ്ചാവ് കേസില്‍ അകത്താക്കി.
ഇന്‍സ്പെക്ടറുടെ ഭാര്യയെ കണ്ട് യുവതി പീഡനകാര്യം അറിയിക്കുകയും ഭര്‍ത്താവിനെ എങ്കിലും വെറുതെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അന്ന് വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവതിയെ മറ്റൊരു വണ്ടിയിടച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ചു. തലനാരിഴ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ജീവന്‍ വേണമെങ്കില്‍ ഹൈദരാബാദ് വിട്ട് മറ്റ് എവിടേക്ക് എങ്കിലും പോവണമെന്നാണ് ഭീഷണി. അല്ലെങ്കില്‍ മറ്റൊരു കേസില്‍ കുടുക്കി അകത്താക്കുമെന്നാണ് സ്റ്റേഷനില്‍ നിന്നുള്ള മുന്നറിയിപ്പ്.
മറ്റ് വഴിയില്ലാതെ മാധ്യമപ്രവര്‍ത്തരെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയുടെ പരാതിയുടെ പകര്‍പ്പ് അടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറി. ഇന്‍സ്പെക്ടര്‍ക്കും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
ഐപിസി 375 വകുപ്പിലടക്കം ഇന്‍സ്പെക്ടര്‍ നാഗേശ്വര്‍ റാവുവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ നാഗേശ്വര്‍ റാവു ഒളിവില്‍ പോയിരിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവിനെതിരായ കേസില്‍ തുടരന്വേഷണത്തിന് കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കി. തന്‍റെ കീഴിലുള്ള മുഴുവന്‍ പൊലീസുകാരെയും അണിനിരത്തിയാണ് സാധാരണമായൊരു കുടുംബത്തെ സെക്കന്തരാബാദ് ഇന്‍സ്പെക്ര്‍ നാഗേശ്വര്‍ റാവു വേട്ടയാടിയത്. ഇന്‍സ്പെക്ടരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും, കൂട്ട് നിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മറ്റ് പൊലീസുകാര്‍ക്ക് എതിരെയും കര്‍ശന നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.