26.1 C
Kottayam
Thursday, November 28, 2024

സ്വകാര്യ ബില്ലിൽ അഭിപ്രായം തേടിയത് അസാധാരണം,പാർട്ടി നിലപാടിനൊപ്പം നിൽക്കും- ഹൈബി ഈഡൻ

Must read

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്ലില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നതിനിടെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്‍. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങള്‍ക്ക് മുമ്പും പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുമ്പും ജനതാത്പര്യം മനസിലാക്കാന്‍ ശ്രമിച്ചിരുന്നതായും തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാര്‍ ഉണ്ടായിരുന്നതിനാലാണ് അക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കാനുള്ള നോട്ടീസ് നല്‍കിയതെന്നും ഹൈബി ഈഡന്‍ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തന്‍റെ ബിൽ ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ലെന്നും സ്വന്തം നാടിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ ലോക്‌സഭയിലെയോ കേരള നിയമസഭയിലെയോ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിലവിലുണ്ടായിരുന്നില്ലെന്ന കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവര്‍ത്തിച്ചിരുന്ന തനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി അനുവാദം ചോദിക്കാതെ ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചത്. പുതിയ സാഹചര്യത്തില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് അനുവാദം വാങ്ങണമെന്ന പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ഒരു മടിയുമില്ലെന്നും ഹൈബി വ്യക്തമാക്കി. പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിനും മനുഷ്യനും അവഗണിക്കപ്പെടുന്നവര്‍ക്കും അരിക് ചേര്‍ക്കപ്പെട്ടവര്‍ക്കും ശബ്ദം നല്‍കാനും ലോക്‌സഭയില്‍ നാടിന്റെ സ്പന്ദനങ്ങളെത്തിക്കാനുമുള്ള നിരന്തര പരിശ്രമത്തിനിടയില്‍ കൃത്രിമമായി നട്ടുവളര്‍ത്തി വലുതാക്കിയ ഇത്തരം വിവാദങ്ങളില്‍ നായകസ്ഥാനം വഹിക്കാന്‍ വലിയ താത്പര്യം തോന്നിയിട്ടില്ലാത്ത ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയുള്ള തന്റെ വിശദീകരണം ഈ വിഷയത്തിലെ അവസാന കുറിപ്പ് ആകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും ഹൈബി ഈഡന്‍ വ്യക്തമാക്കി.

ഹൈബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചര്‍ച്ച, ഭൂരിപക്ഷ പിന്തുണയുള്ള തീരുമാനം ഇതൊക്കെ നല്ലതും ജനാധിപത്യത്തിന്റെ സൗന്ദര്യവുമാണ്. ഇതോടൊപ്പം ജനവികാരവും ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും നിയമ നിര്‍മ്മാണ സഭകളിലെത്തിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്, അത് തന്നെയാണ് ഒരു ജനപ്രതിനിധിയുടെ പരമ പ്രധാനമായ കര്‍ത്തവ്യവും. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങള്‍ക്ക് മുന്‍പും പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്‍പും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ജനതാല്പര്യം മനസിലാക്കാന്‍ തുടക്കം മുതലേ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ അവരുടെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ ഞാനുമായി പങ്കുവയ്ക്കാറുമുണ്ട്. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്വകാര്യ ബില്ലായി ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് ഞാന്‍ നോട്ടീസ് നല്‍കിയത്.

വിരുദ്ധ താല്‍പ്പര്യങ്ങളും,വ്യത്യസ്ത അഭിപ്രായങ്ങളും ഇതിലും ഉണ്ടാകാം. വിയോജിക്കുന്ന സ്വരങ്ങളെ ഞാന്‍ അങ്ങേയറ്റം മാനിക്കുന്നു. എന്റെ സ്വരവും എന്നോട് വിയോജിക്കുന്ന അപരന്റെ സ്വരവും ഒരു പോലെ പ്രധാനമാണെന്ന ബോധ്യം എനിക്കുണ്ട്. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാര്‍ലമെന്റിന്റെ നടപടികള്‍ പ്രകാരമുള്ള തീരുമാനമാണ്.ഇത് ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. ഒരു നാട് അര്‍ഹിക്കുന്ന വികസനം അതിന് നല്‍കാതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയുകയുമില്ല.

സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് നമ്മുടെ പാര്‍ട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ലോക്‌സഭയിലെയോ കേരള നിയമസഭയിലെയോ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിലവിലുണ്ടായിരുന്നില്ല, ഇക്കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവര്‍ത്തിച്ചിരുന്ന എനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചത്. പുതിയ സാഹചര്യത്തില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് അനുവാദം വാങ്ങണമെന്ന പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ഒരു മടിയുമില്ല, കാരണം പാര്‍ട്ടി തന്നെയാണ് എനിയ്ക്ക് എല്ലാം; പാര്‍ട്ടി നിലപാടിനൊപ്പമാണ് എന്നും ഞാന്‍ നില കൊണ്ടിട്ടുള്ളത്.

രണ്ടു ദിവസമായി നടക്കുന്ന വാദപ്രതിവാദങ്ങളില്‍ വാചാലനാകാതിരുന്നത് എന്റെ ഒരു ദൗര്‍ബല്യമല്ല. അനുചിതമായ ഇടങ്ങളില്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്തുന്നതിനുമപ്പുറം സാര്‍ത്ഥകമായ ഇടപെടലുകള്‍ ജനങ്ങള്‍ക്കും നാടിനും വേണ്ടി നിരന്തരം നടത്തുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യമായി ഞാന്‍ കാണുന്നത്. വിദേശ പര്യടനത്തിലായിരുന്ന, എന്റെ മൗനം തന്നെ പുതിയൊരു ചര്‍ച്ചാ വിഷയമായി രൂപാന്തരം പ്രാപിച്ചതിനാലാണ് ഇപ്പോള്‍ ഇത്രയും അറിയിക്കേണ്ടി വന്നത്.

ഇതിനിടയില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ, എം പി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെ ആകെ നിസ്സാരവത്ക്കരിക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് അത് അസാധ്യമാണെന്ന് അധികം വൈകാതെ ബോധ്യപ്പെടും. വികസന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താത്ത ആളായും, സംഘപരിവാര്‍ അജണ്ടയില്‍ പെട്ട് പോയ ആളായും മറ്റും ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ജനം കാണുന്നുണ്ട്. പാര്‍ലമെന്ററി രംഗത്തെ എന്റെ പ്രവര്‍ത്തനങ്ങളും, വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളും, ജനക്ഷേമകരമായിരിക്കണം എന്ന നിര്‍ബന്ധമുള്ളപ്പോള്‍ തന്നെ അവയൊന്നും സമൂഹത്തെ ഭിന്നിപ്പിക്കാനോ മറ്റെന്തെങ്കിലും താത്ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല എന്നത് എന്നെ അടുത്തറിയുന്ന എറണാകുളംകാരെ പ്രത്യേകമായി പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് കരുതുന്നു.

പാര്‍ലമെന്റില്‍ ഫയല്‍ ചെയ്ത ബില്ലിന്മേല്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണ് ഇന്നത്തെ വിവാദങ്ങളുടെ തുടക്കം. കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പില്‍ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയല്‍ പുറത്താവുകയുമുണ്ടായി. നിരവധി ക്രമക്കേടുകളാല്‍ മുഖം നഷ്ടപ്പെട്ട കേരള സര്‍ക്കാര്‍ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങള്‍ക്ക് തീ കൊളുത്തുകയായിരുന്നു.

ഈ മുഖം മൂടിയണിഞ്ഞ് അധിക ദൂരം മുന്നോട്ട് പോകാന്‍ ഭരണ പാര്‍ട്ടിക്ക് കഴിയില്ല. ഭരണ പരാജയം മറയ്ക്കാന്‍ സാധ്യമാകുന്നിടത്തെല്ലാം അനാവശ്യ വിവാദങ്ങളെ വിത്തും വളവും നല്‍കി വളര്‍ത്തി വലുതാക്കുന്ന മോഡി- പിണറായി കൂട്ടുകെട്ട് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്. ഒറ്റക്കെട്ടായി ഒരു ജനത സര്‍ക്കാരിനെതിരെ സമര മുഖത്ത് അണിചേരുന്നതിനെ തടയാന്‍ ജനതയെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇരു കൂട്ടര്‍ക്കും പൊതുവിലുള്ള പ്രത്യേകത. വിഭജന നീക്കങ്ങളെ വിവേകം കൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കഴിയണം.

സമൂഹത്തിനും മനുഷ്യനും അവഗണിക്കപ്പെടുന്നവര്‍ക്കും അരിക് ചേര്‍ക്കപ്പെട്ടവര്‍ക്കും ശബ്ദം നല്‍കാനും ലോക്‌സഭയില്‍ നാടിന്റെ സ്പന്ദനങ്ങളെത്തിക്കാനും ഉള്ള നിരന്തര പരിശ്രമത്തിനിടയില്‍ കൃത്രിമമായി നട്ടു വളര്‍ത്തി വലുതാക്കിയ ഇത്തരം വിവാദങ്ങളില്‍ നായക സ്ഥാനം വഹിക്കാന്‍ വലിയ താത്പര്യം തോന്നിയിട്ടില്ലാത്ത ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഈ വിശദീകരണം ഈ വിഷയത്തിലെ അവസാന കുറിപ്പ് ആകട്ടെ എന്ന് ആത്മാര്‍ത്ഥതമായി ആഗ്രഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാകിസ്ഥാനി ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, തുടർച്ചയായ നാലാമത്തെ സംഭവം

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ...

മലബാർ ഗോള്‍ഡില്‍ മോഷണം: പ്രതി പിടിയില്‍;കാരണം വിചിത്രം

കോഴിക്കോട് മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി...

ജനക്കൂട്ടത്തിന് മുന്നില്‍ ‘ബ്രാ’ ധരിച്ച് റീല്‍ ഷൂട്ട്, തല്ലിയോടിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍

ന്യൂ ഡൽഹി:സമൂഹ മാധ്യമങ്ങളില്‍ താരമാകുക എന്നാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. അതിനായി എന്തും ചൊയ്യാന്‍ മടിക്കാണിക്കാത്തവരാണ് പലരും. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവില്‍...

അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല’; ഭീഷണിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത...

സംവിധായകൻ അശ്വനി ദിറിന്റെ മകൻ കാറപകടത്തിൽ മരിച്ചു, സുഹൃത്ത് അറസ്റ്റിൽ

മുംബൈ: സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23ന് വില്‍ പാര്‍ലേയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രൈവിന് പോയ...

Popular this week