ഒന്നര വർഷം മുമ്പ് കാണാതായ ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയെന്ന് ഭർത്താവിന്റെ മൊഴി

കൊച്ചി : വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താൻ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയതോടെയാണ് വിവരം പുറത്തായത്. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താൻ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടിയതാണെന്നാണ് ഭർത്താവ് സജീവൻ നൽകിയ മൊഴി. 

വൈപ്പിൻ സ്വദേശികളാണ് രമ്യയും സജീവനും. വാച്ചാക്കലിൽ വാടകക്ക് താമസിക്കാനെത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ വർഷത്തോടെയാണ് രമ്യയെ വീട്ടിൽ  കാണാതായത്. അയൽവാസികൾ വിവരമന്വേഷിച്ചു. ബംഗ്ലൂരുവിൽ ജോലി കിട്ടിയ രമ്യ അങ്ങോട്ട്  പോയെന്നായിരുന്നു സജീവൻ മറുപടി നൽകിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളിൽ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവൻ പൊലീസിൽ ഒരു പരാതി നൽകി.

അതിന് ശേഷം പത്തനംതിട്ടയിലെ നരബലി കേസുകൾ വന്നതോടെ പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താൻ കൊന്ന് മൃതദേഹം പറമ്പിൽ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവൻ നൽകിയ മൊഴി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News