ഭര്‍ത്താവ് തീകൊളുത്തിയ നഴ്‌സ് മരണത്തിന് കീഴടങ്ങി
കണ്ണൂര്‍: ഭര്‍ത്താവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന നഴ്‌സ മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ ചാലാട് സ്വദേശിനി രാഖി (25) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് സന്ദീപ് തന്നെ ടിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തിയ സന്ദീപ് വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി തീവെക്കുകയായിരുന്നു എന്നാണ് മൊഴി. സന്ദീപ് ഒളിവിലാണ്.
ആശുപത്രിയിലെത്തിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും രാഖി മൊഴി നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാല്‍ ഒന്നര വയസുള്ള കുട്ടിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. അതു കൊണ്ടാണ് സന്ദീപിന്റെ പേര് ആദ്യം പറയാതിരുന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. മരണമുറപ്പായതോടെയാണ് രാഖി മൊഴി നല്‍കിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.