ചെന്നൈ: സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ ചിത്ര(38)യെയാണ് ഭര്‍ത്താവ് അമൃതലിംഗം(38) കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയത്. അമൃതലിംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു.
വസ്ത്ര നിര്‍മാണശാലയില്‍ ജോലിക്കാരിയായിരുന്ന ചിത്ര ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 33,000 ഫോളോവേഴ്‌സുള്ള ചിത്ര അടുത്തിടെ സിനിമയില്‍ ചെറിയവേഷങ്ങളിലും അഭിനയിച്ചു. എന്നാല്‍ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സ് പോസ്റ്റ് ചെയ്യുന്നതിലും സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിലും ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍സമയം ചിലവഴിക്കുന്നതിനെച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവ് എതിര്‍ത്തിട്ടും ചിത്ര ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നത് തുടര്‍ന്നു. ഇതിനിടെയാണ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചത്. സിനിമയില്‍ അഭിനയിക്കാനായി രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിനായാണ് തിരുപ്പൂരില്‍ തിരിച്ചെത്തിയത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങാനിരുന്ന ചിത്രയെ ഭര്‍ത്താവ് പോകാന്‍ അനുവദിച്ചില്ല. ഞായറാഴ്ച രാത്രി ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായി. തുടര്‍ന്നാണ് അമൃതലിംഗം ഭാര്യയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയത്.
ചിത്ര അബോധാവസ്ഥയിലായതോടെ പ്രതി വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ചിത്രയെ താന്‍ മര്‍ദിച്ചതായി മകളെ വിളിച്ചറിയിച്ചു. മകള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പെരുമാനല്ലൂരില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അമൃതലിംഗം തെന്നംപാളയം പച്ചക്കറി ചന്തയിലെ തൊഴിലാളിയാണ്.