തൃശൂര്‍: തൃശൂര്‍ ചേറൂരില്‍ നാടിനെ നടുക്കിയ കൊലപാതകത്തില്‍ പ്രതിയുടെ മൊഴികളില്‍ പൊരുത്തക്കേട്. കല്ലടിമൂല സ്വദേശി സുലി (46)യാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനു കാരണമായി പ്രതി പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട് തോന്നിയത്. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഉണ്ണികൃഷ്ണന്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഉണ്ണികൃഷ്ണന്‍ കീഴടങ്ങുകയായിരുന്നു. വിദേശത്ത് നിന്ന് ഭാര്യയുടെ പേരിലയച്ച ഒരു കോടിയിലധികം രൂപ കാണാനില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.
മാത്രമല്ല താന്‍ നാട്ടിലെത്തിയപ്പോള്‍ മൂന്നുലക്ഷം രൂപ കടവും ഉണ്ടായിരുന്നു. എന്നാല്‍ ഈ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് കിച്ചണ്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് ഉണ്ണികൃഷ്ണന്‍. ഇയാള്‍ക്ക് അറുപതിനായിരം രൂപയാണ് ശമ്പളം ലഭിക്കുന്നത്.
അത്രയും ശമ്പളം വാങ്ങുന്നയാള്‍ താമസം, ഭക്ഷണം മറ്റു ചിലവുകൾ ഒഴിവാക്കി ഒരു കോടി നല്‍കിയെന്ന് പറയുന്നതിലാണ് സംശയം നില്‍ക്കുന്നത്.വീട്ടു ചിലവുകൾ മക്കളുടെ വിദ്യാഭ്യാസം തുടങ്ങി വീട്ടിലെയും ചിലവുകൾ ഈ തുകയ്ക്ക് എങ്ങിനെ കൈകാര്യം ചെയ്യുമെന്നതാണ് മറ്റൊരു സംശയം.
മാത്രമല്ല ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഉണ്ണികൃഷ്ണന്‍ കരുതിയിരുന്നു. ഇക്കാര്യത്തെച്ചൊല്ലിയും ഇയാള്‍ ഭാര്യയുമായി തര്‍ക്കിച്ചിരുന്നു. താന്‍ അയച്ചുകൊടുത്ത പണം എന്തു നല്‍കി എന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ഭാര്യയില്‍ നിന്നും ഉണ്ടായില്ലെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഉണ്ണികൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു