കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിന് സമീപം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അക്രമം തടയാനെത്തിയ ഭാര്യയുടെ സഹോദരിയുടെ കൈ രാജന്‍ വെട്ടിമാറ്റി. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.

രാജനും ഭാര്യ രമയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് രാജനില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. അതിനുശേഷം രമയുടെ ഒരു അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്ന് അവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്വന്തം വീട്ടിലേക്ക് പോയി.

ബുധനാഴ്ച രാവിലെ വീടിന് സമീപത്തുള്ള റബര്‍ പുരയിടത്തില്‍ ചുള്ളിക്കമ്പുകള്‍ പെറുക്കാനായി സഹോദരിക്കൊപ്പം രമ പോയിരുന്നു. ഈ സമയത്ത് രാജന്‍ ഇവിടെ എത്തി രമയെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിയേയും രാജന്‍ ആക്രമിച്ചു. വെട്ടേറ്റ രമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രമയെ കൊലപ്പെടുത്തിയ ശേഷം രാജന്‍ ഇവിടെനിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തുകയും തൂങ്ങി മരിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News