കുടുംബപ്രശ്‌നത്തെച്ചൊല്ലി തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു

കണ്ണൂര്‍: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലിലാണ് സംഭവം. പ്രാപ്പോയില്‍ ടൗണില്‍ കച്ചവടം നടത്തുന്ന പനംകുന്നില്‍ ശ്രീധരന്‍ (65) ആണ് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.

ശ്രീധരന്‍ ഭാര്യ സുനിതയെ (45) വെട്ടിയ ശേഷം അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികളും പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസും സ്ഥലത്തെത്തി. പരിക്കേറ്റുകിടന്ന സുനിതയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് നാലിന് പ്രാപ്പോയില്‍ ശ്രീ വയനാട്ട് കുലവന്‍ ക്ഷേത്ര ശ്മശാനത്തില്‍ സംസ്‌കരിക്കും.

പുറത്തും കൈക്കും പരിക്കേറ്റ സുനിത പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. ശ്രീരാജ്, അര്‍ജുന്‍ എന്നിവര്‍ മക്കളാണ്. സംഭവസമയത്ത് ശ്രീധരനും ഭാര്യ സുനിതയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News