പുണെ: പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ 31 കാരിയായ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ദുര്‍മന്ത്രവാദത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ആള്‍ദൈവവും അറസ്റ്റില്‍. ഖേദിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 2016 ല്‍ വിവാഹിതയായ യുവതി 2017ല്‍ ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. ഇതോടെയാണ് മാനസികമായും ശാരീരികമായും ഭര്‍ത്താവും മാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിക്കാന്‍ തുടങ്ങി.
കഴിഞ്ഞ നാലുവര്‍ഷമായി യുവതിയെ പെണ്‍മക്കളുണ്ടായതിന്റെ പേരില്‍ കുടുംബം ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നതായും പോലീസ് പറയുന്നു. 2020ല്‍ വീണ്ടും ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഇതോടെ യുവതിക്ക് നേരെ അതിക്രമങ്ങളും വര്‍ധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മര്‍ദനം തുടര്‍ന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഭര്‍ത്താവെത്തി യുവതിയെയും മക്കളെയും പുണെയിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആള്‍ദൈവത്തിന്റെ അടുത്ത് എത്തിക്കുകയായിരുന്നു.
ഇയാള്‍ ദമ്പതികള്‍ക്ക് ഭസ്മം നല്കി വിടുകയും ചെയ്തു. നഗ്ന ശരീരത്തില്‍ ഭസ്മം പുരട്ടിയാല്‍ ആണ്‍കുഞ്ഞ് ജനിക്കുമെന്നായിരുന്നു ആള്‍ദൈവത്തിന്റെ വാദം. തുടര്‍ന്ന് വീട്ടിലെത്തിയതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത് ഭസ്മം പുരട്ടുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.