കോഴിക്കോട്: സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മലപ്പുറം എടക്കര പാര്‍ളി സ്വദേശി കുണ്ടൂപറമ്പില്‍ സലീന (42)യാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭര്‍ത്താവ് മേപ്പയൂര്‍ സ്വദേശി പത്താംകാവുങ്ങല്‍ കെവി അഷ്റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശഅരമിച്ചത്. അഷ്റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജിലെ മുറിയില്‍ രാത്രി 10.45 ഓടെ അഷ്റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകള്‍ കൂടി. ഇതോടെ സലീന സ്വയം കഴുത്തില്‍ കുത്തി പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് അഷ്റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയില്‍ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനു മുമ്പ് ഭര്‍ത്താവാണ് തന്റെ കഴുത്തില്‍ കത്തിയുപയോഗിച്ച് പരിക്കേല്‍പ്പിച്ചതെന്ന് ഇവര്‍ ആശുപത്രിയില്‍ എഴുതി നല്‍കുകയും ചെയ്തിരുന്നു.
സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ ഇവരുടെ ഒന്നരവയസ്സുളള മകള്‍ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുന്‍ പ്രവാസികൂടിയായ ഭര്‍ത്താവ് അഷ്റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന സലീനയെ സംശയത്തെ തുടര്‍ന്നാണ് ലാഡ്ജില്‍വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തില്‍ അറസ്റ്റിലായ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു. സലീനയുടെ പിതാവ് യൂസുഫ്. മാതാവ്: സുബൈദ. മകന്‍: അനീഖ് റയാന്‍ (നിലമ്പൂര്‍ സ്പ്രിന്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഫെമിന, സെറീന, ഷമീര്‍.