കോട്ടയം∙ കാഞ്ഞിരപ്പള്ളിയിൽ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ ആണ് അറസ്റ്റിലായത്. നാസര്‍, ഭാര്യ അനീഷയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അനീഷ (21) മരിച്ചത്. അനീഷ മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നാസറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പിതാവ് റഹ്മത്ത് അലി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാനസിക പീഡനം വ്യക്തമായി.
നാസര്‍ അനീഷയുമായി വഴക്കുണ്ടാക്കുന്നത് സ്ഥിരമായിരുന്നെന്നും നാസറിനെതിരെ പയ്യോളി സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടായിരുന്നെന്നും കുടുംബം പറയുന്നു. അനീഷയ്ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ കൂടി ആരംഭിച്ചതോടെ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.
കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തൊട്ടിലിന്റെ കയറില്‍ തന്നെ തൂങ്ങിമരിച്ച നിലയിലായിരുന്നു അനീഷയുടെ മൃതദേഹം. അനീഷയുടെ പിതാവ് റഹ്മത്ത് അലിയുടെ താൽപര്യത്തിലായിരുന്നില്ല ഇവരുടെ വിവാഹം. ഇളങ്കാട്ടെ വീട്ടില്‍ നിന്ന് മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പ്രായപൂര്‍ത്തിയായ ഇരുവരെയും വിവാഹത്തിന് അനുവദിക്കുകയായിരുന്നു.