ഭോപ്പാല്‍: നാലാമത്തെ പ്രസവത്തിലും ആണ്‍കുട്ടി ഉണ്ടാകാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.
മൂന്ന് മാസം മുന്‍പാണ് നാലാമത്തെ പെണ്‍കുട്ടിക്ക് യുവതി ജന്മം നല്‍കിയത്. നാലാമത്തെ കുഞ്ഞും ആണ്‍കുട്ടിയാവാത്തതോടെ ഭര്‍ത്താവും അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കം നിലനിന്നിരുന്നു. സാവിത്രി ഭാഗേലാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് രത്തന്‍ സിങ്, പിതാവ് കിലോല്‍ഡ് സിങ്, അമ്മ ബെനൂ ബായ് എന്നിവരാണ് സാവിത്രി ബാഗേലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശിവപുരി ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ദിന്‍ഡോലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാംരാജ തിവാരി പറഞ്ഞു.
പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ സാവിത്രിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ കൃഷ്ണ പറഞ്ഞു. മൂന്ന് മാസം മുന്‍പാണ് നാലാമത്തെ പെണ്‍കുട്ടി ജനിച്ചത്. സ്ത്രീധനത്തിന്റെ പേരിലും വല്ലാതെ ഉപദ്രവിച്ചതായും സഹോദരന്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ ഐപിസി 302, 304 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.