ഭുവനേശ്വർ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. നിലവിൽ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം. കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
എന്നാൽ ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ച് തുടങ്ങി. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടി മിന്നലിനെ കരുതണമെന്നും മുന്നറിയിപ്പുണ്ട്.
കൊടുങ്ങൂരിൽ ശക്തമായ കാറ്റ്, മഴ; കനത്ത നാശ നഷ്ടം
കോട്ടയം കൊടുങ്ങൂരിൽ ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശ നഷ്ടം. നിരവധി വീടുകൾക്ക് കെടുപാടുകളുണ്ടായി. മരങ്ങൾ കടപുഴകി വീണു. പുലർച്ചെ 4.30 നാണ് കാറ്റും മഴയും ഉണ്ടായത്. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.