ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ ജനത്തിരക്ക്. മണാലി സന്ദര്‍ശിക്കാനെത്തിയവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.
‘കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ഇനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് വൈറസിനെ പിടിച്ചുകെട്ടാന്‍ സഹായിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഇന്ന് ആവശ്യം. കോവിഡിനെതിരായ പോരാട്ടം തുടരുകയാണ്. അത് അവസാനിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസിലാക്കണം’- ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
മണാലി, ഷിംല, മുസൂരി എന്നിവിടങ്ങളില്‍ മാസ്‌ക് പോലും ധരിക്കാതെ ജനങ്ങള്‍ ഇടപഴകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു. സമാനമായ കാഴ്ചകള്‍ ഡല്‍ഹിയിലെ സര്‍ദാര്‍ ബസാറിലും മുംബൈയിലെ ദാദര്‍ മാര്‍ക്കറ്റിലും കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണാലിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് അപകടമാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും മുന്നറിയിപ്പ് നല്‍കി.