ന്യൂഡല്‍ഹി: വീട്ടുകാരുടെയും ബന്ധുക്കളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെ പേരില്‍ നൂറുകണക്കിന് പേരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.
‘ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ തങ്ങളുടെ ജാതിക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ കൊല്ലപ്പെടുന്നുണ്ട്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമവും സദാചാരവും എന്ന വിഷയത്തില്‍ മുംബൈയില്‍ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു. ഇതിനിടെ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ത്രീപീസ് സ്യൂട്ട് ധരിച്ചുകൊണ്ട് ഡോ.അംബേദ്കര്‍ വിപ്ലവകരമായ പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടുടെക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ വസ്ത്രം തിരഞ്ഞെടുത്തതെന്നും ചന്ദ്രചൂഡ് പറയുകയുണ്ടായി.
നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതില്‍ നിന്ന് നേരത്തെ ദളിതരെ വിലക്കിയിരുന്നു. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റേതായ സദാചാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊല അദ്ദേഹം ഉദ്ധരിച്ചു. ഗ്രാമീണര്‍ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
‘ഭരണഘടനയുടെ രൂപീകരണത്തിനു ശേഷവും നിയമം പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേല്‍പ്പിക്കുന്നു. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങള്‍ പാസാക്കുന്നത്. അതിനാല്‍, പൊതു ധാര്‍മ്മികതയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളും പലപ്പോഴും ഭൂരിപക്ഷം നടപ്പിലാക്കുന്ന നിയമത്തിലേക്ക് കടന്നുവരുന്നു’ചന്ദ്രചൂഡ് പറഞ്ഞു.