മിനിസോട്ട: യുഎസ്– കാനഡ അതിർത്തിയിൽ പിടിയിലായ 7 അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി സംശയം. മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത സംഘത്തിനു മനുഷ്യക്കടത്തു ശൃംഘലയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു.
കാനഡയിൽനിന്നു യുഎസിലേക്കു പ്രവേശിക്കാൻ ഇവരെ സഹായിച്ചെന്നു സംശയിക്കുന്ന ഒരു യുഎസ് പൗരനും യുഎസ് അധികൃതരുടെ പിടിയിലായി. ജനുവരി 19നു പിടിയിലായവർ നൽകിയ വിവരം അനുസരിച്ച് മാനിറ്റോബ പ്രവിശ്യയിൽ കാനഡ അധികൃതർ നടത്തിയ പരിശോധനയിൽ 4 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് ഇവർ മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
കസ്റ്റഡിയിലുള്ള 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഎസിൽ കസ്റ്റഡിയിലുള്ള അനധികൃത കുടിയേറ്റക്കാരും കാനഡയിൽ മരിച്ച നിലയിൽ കാണപ്പെട്ടവരും ഇന്ത്യക്കാരാണെന്നാണ് അധികൃതർ പറയുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പരിശോധിച്ചു വരുന്നതേയുള്ളു. ഷിക്കോഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു സംഘത്തെ അയച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് യു.എസ്.-കാനഡ അതിർത്തിയിൽ നവജാത ശിശുവടങ്ങുന്ന നാലംഗ ഇന്ത്യൻകുടുംബത്തെ മഞ്ഞിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കനേഡിയൻ അതിർത്തി ഭാഗത്തായിരുന്നു മൃതദേഹങ്ങൾ. മനുഷ്യക്കടത്തുകാർക്ക് വേണ്ടി നടത്തിയ ഓപ്പറേഷനിലാണ് നാല് പേരുടെ മൃതദേഹങ്ങൾ മഞ്ഞിൽ മരവിച്ച നിലയിൽ കണ്ടെത്തിയത്.
അനധികൃതമായി യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞിൽ തണുത്തുറഞ്ഞാവാം ഇവർ മരിച്ചതെന്നാണ് കരുതുന്നത്. പ്രതികൂല കാലാവസ്ഥയിൽ 11 മണിക്കൂറോളം ഇവർ നടന്നിട്ടുണ്ടാവാമെന്ന് ഇവരെ കണ്ടെത്തിയ മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു.
മരിച്ച നാല് പേരും കാനഡയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരുടെ വലിയ സംഘത്തിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇവർക്കൊപ്പം ഒമ്പത് പേരോളം ഉണ്ടായിരുന്നതായാണ് വിവരം. കൂടുതലും ഗുജറാത്തിൽ നിന്നുള്ള ഇന്ത്യക്കാരാണ്. മരിച്ചവരും ഗുജറാത്ത് സ്വദേശികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച സ്റ്റീവ് ഷാൻഡ് (47) എന്ന അമേരിക്കൻ പൗരനെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ യുഎസിലും കാനഡയിലും അന്വേഷണം നടക്കുന്നുണ്ട്.
നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്ന മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അസിസ്റ്റൻ കമ്മീഷണർ ജെയിൻ മക്ലാച്ചി വ്യാഴാഴ്ച മാധ്യമങ്ങളോട് പങ്കുവെച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
‘ഹൃദയഭേദകമായ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. തണുത്തുറഞ്ഞ കാലാവസ്ഥയോട് പൊരുതാനാവാതെയാണ് നാല് പേരും മരിച്ചതെന്നാണ് ഞങ്ങളുടെ പ്രാഥമിക കണ്ടെത്തൽ. യുഎസ് അതിർത്തിയുടെ ഭാഗത്ത് നിന്ന് പിടിയിലായവരുമായി മരിച്ച നാല് പേർക്കും ബന്ധമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിർത്തിയിൽ നിന്ന് 12 മീറ്റർ മാത്രം അകലത്തിലായിരുന്നു ഇവർ. ഒരു ഹിമപാതത്തിന് നടുവിൽ നാലംഗ സംഘം ഒറ്റപ്പെട്ടുപോയി. അതികഠിനമായ തണുപ്പ് മാത്രമല്ല. നോക്കെത്താ ദൂരത്തിലുള്ള വയലുകളും കനത്ത മഞ്ഞുവീഴ്ചയും പൂർണ്ണമായ ഇരുട്ടും ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. തണുത്ത കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളയിടത്ത് നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്’ ജെയിൻ മക്ലാച്ചി പറഞ്ഞു.
ഒരു സംഘം ആളുകൾ യുഎസ് അതിർത്തി കടന്നതായി കനേഡിയൻ മൗണ്ടഡ് പോലീസിന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ പോലീസ് ബുധനാഴ്ച രാവിലെ വിവരം നൽകി. സംഘത്തിലെ ഒരാളുടെ പക്കൽ ചെറിയ കുട്ടികളുടെ വസ്തുക്കളുണ്ടെന്നും ഇവർക്കൊപ്പം കുട്ടികളില്ലെന്നും യുഎസ് പോലീസ് വിവരം നൽകി. ഉടനടി അതിർത്തിയുടെ രണ്ടു വശത്തും അതിർത്തി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ തിരിച്ചിൽ ആരംഭിച്ചു. ഉച്ചയോടെ ഒരു പുരുഷന്റേയും സ്ത്രീയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു ആൺകുട്ടിയുടേയും മൃതദേഹം കണ്ടെത്തിയതായി കനേഡിയൻ പോലീസ് പറഞ്ഞു.
മരിച്ച നവജാത ശിശുവിന്റെ വസ്തുക്കളുള്ള ബാഗുമായി പോയ ആൾ യുഎസ് അതിർത്തി കടന്നിരുന്നു. ഡയപ്പർ, കളിപ്പാട്ടങ്ങൾ തുടങ്ങിയ വസ്തുക്കളായിരുന്നു ഇയാളുടെ ബാഗിലുണ്ടായിരുന്നതെന്ന് യുഎസ് പോലീസ് അറിയിച്ചു.