Featuredhome bannerHome-bannerKeralaNews

നരബലി: തുമ്പായത് പത്മത്തിനെ കാണാനില്ലെന്ന പരാതി, കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

കൊച്ചി: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോഴഞ്ചേരിക്കടുത്ത് ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് തുമ്പായത് പൊന്നുരുന്നി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതി. കടവന്ത്രയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പത്മത്തെ സെപ്തംബര്‍ 26ന് കാണാതാവുകയായിരുന്നു. ഇവരെക്കൂടാതെ കാലടി സ്വദേശിയെയും കൊലപ്പെടുത്തി പല കഷ്ണങ്ങളായി കുഴിച്ചിട്ടതായാണ് പോലീസ് കണ്ടെത്തല്‍.

കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയില്‍ തനിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പത്മത്തിന്റെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലാണ് താമസം. പത്മത്തെ എല്ലാ ദിവസവും മകന്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 26ന് മകന്‍ വിളിച്ചപ്പോള്‍ ഇവരെ ഫോണില്‍ കിട്ടാതാവുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ കിട്ടാതായതോടെ പത്മത്തിന്റെ വീടിനടുത്ത് താമസിക്കുന്നവരെ ബന്ധപ്പെടുകയും പത്മം വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് മകന്‍ എത്തി കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പത്മത്തിന്റെ ഫോണ്‍ സിഗ്‌നല്‍ അന്വേഷിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ച ഷിഹാബിനൊപ്പം പത്മം തിരുവല്ലയിലേക്ക് പോവുകയായിരുന്നു. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോണ്‍ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്.

കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നു. ഇലന്തൂരിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെയും കാലടി സ്വദേശിയായ സ്ത്രീയേയും കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

ഇലന്തൂരിലെ ദമ്പതിമാര്‍ സാമ്പത്തിക അഭിവൃദ്ധിക്കായിട്ടാണ്‌ സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം.ഭഗവല്‍-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവര്‍ക്കായി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. ഇലന്തൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങള്‍. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button