സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4795 രൂപ. രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന.

യുക്രൈന്‍ യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ പവന് 1,000 രൂപയുടെ വര്‍ധന. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. റഷ്യ-യുക്രൈന്‍ പ്രതിസന്ധിയാണ് സ്വര്‍ണ വിലയില്‍ പെട്ടെന്നുണ്ടായ കുതിപ്പിന് കാരണം.

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധിയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചതെങ്കിലും കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

എംസിഎക്‌സിലും ഇന്ന് ഉയര്‍ന്ന നിലയിലാണ് ഗോള്‍ഡ് ഫ്യൂച്ചര്‍ വ്യാപാരം. ഇന്ന് വില 0.19 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 51,767 രൂപയിലാണ് എംഎസിഎക്‌സ് വ്യാപാരം നടക്കുന്നത്. ഇന്നലെ വില ഇടിഞ്ഞിരുന്നു. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം നടക്കുന്നുണ്ടെങ്കിലും ഡോളര്‍ മൂല്യത്തിലും ബോണ്ട് വരുമാനത്തിലും സ്ഥിരതയില്ലാത്തത് സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.

ഫെബ്രുവരിയില്‍ ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില ഉയര്‍ന്ന് പവന് 37,800 രൂപയില്‍ എത്തിയിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News