പത്തനംതിട്ട: ശബരമല നടവരവിൽ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തിനിടയിൽ 134.44 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 154.77 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിൻ്റെ കുറവാണ് ഉണ്ടായതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെങ്കിലും മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തിരക്ക് കുറവായിരുന്നു. ഈ സാഹചര്യത്തിലായിരിക്കാം നടവരവിൽ കുറവ് രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഇത്തവണത്തെ അരവണയുടെ വരവ് അടക്കമുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്.
അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് വിറ്റുവരവിൽ ഉണ്ടായത്, കഴിഞ്ഞ പ്രാവശ്യം 9.43 കോടിയായിരുന്നു അപ്പം വിറ്റുവരവിലൂടെ ഇക്കാലയളവിൽ ലഭിച്ചത്. നിലവിൽ അത് 8.99 കോടി രൂപയാണ്. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് ഉണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്. ശബരിമലയിൽ കഴിഞ്ഞ തീർത്ഥാടന കാലത്തെ നടവരവ് 361 കോടി രൂപയായിരുന്നു. 400 പവൻ സ്വർണവും കാണിക്കയിനത്തിൽ 90 കോടിയുടെ അധികവരുമാനം ഉണ്ടായിരുന്നു.
ശബരിമല തീര്‍ഥാടനത്തിലെ അസൗകര്യങ്ങൾ സംബന്ധിച്ച പരാതി ഉയരുന്നതിനിടെ ശബരിമലയിലെത്തി ദേവസ്വം മന്ത്രി രാധാകൃഷ്ണൻ സാഹചര്യങ്ങൾ വിലയിരുത്തി. ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്നും അവധി ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ എത്തിചേരുന്നവരിൽ പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരും മുപ്പത് ശതമാനത്തോളമാണ്. വെർച്വൽ ക്യൂ വഴി ബുക്കിങ് പരിമിതപ്പെടുത്തിയാലും മറ്റ് കാനനപാതകളിലൂടെയെല്ലാം അനേകായിരം ഭക്തരാണ് എത്തുന്നത്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
വലിയ തിരക്ക് ഉണ്ടാകുമ്പോൾ സംഭവിക്കുന്നതിൽ കൂടുതലായി ഒന്നും ശബരിമലയിൽ സംഭവിച്ചിട്ടില്ല. പ്രയാസങ്ങളൊക്ക പരിശോധിച്ച്, ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംവിധാനങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.