ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ, യുവാക്കള്‍ക്ക് 1000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; വമ്പൻ പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയും ആശമാരുടെ അലവന്‍സ് വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡു(4%) അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണത്തിന് സമാനമായ ജനക്ഷേമ പ്രഖ്യാപനങ്ങള്‍.

ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടുന്നതോടെ 1600 ല്‍ നിന്നും 2000 ആയി വര്‍ധിപ്പിച്ചു. ഇതിനായി 13,000 കോടി നീക്കിവെക്കും. ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കും. സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും.

35-60 വയസ്സുവരെയുള്ള നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് മുന്‍ഗണനാവിഭാഗം പിങ്ക് കാര്‍ഡ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം സ്ത്രീസുരക്ഷാ പെന്‍ഷന്‍ അനുവദിക്കും. 33.34 ലക്ഷം സ്ത്രീകള്‍ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും. പ്രതിവര്‍ഷം 3800 കോടി രൂപ അധിക ചേലവ് പ്രതീക്ഷിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News