ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്നു ജില്ലകള്‍ പ്രശ്നബാധിത സാധ്യത പട്ടികയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം പരിഗണിച്ച് പോളിംഗ് ബൂത്തില്‍ നിയന്ത്രണമുണ്ടാകും. ഓരോ ബൂത്തിലും 500 മുതല്‍ 1000 വരെ വോട്ടര്‍മാര്‍ മാത്രമേ പാടുള്ളു. കൊവിഡ് കാലത്ത് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയ അനുഭവം കമ്മിഷനുണ്ട്. അതുകൊണ്ട് ഇത്തവണ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
അവസാന ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്ക് വോട്ടു ചെയ്യാം. മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോള്‍ വിഷു, ഈസ്റ്റര്‍, റമദാന്‍ എന്നിവയടക്കം പ്രാദേശിക ഘടകങ്ങളും പരിഗണിക്കുമെന്ന് സുനില്‍ അറോറ പറഞ്ഞു. ഇക്കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടുവെന്നും സുനില്‍ അറോറ പറഞ്ഞു. പരീക്ഷകളും കമ്മിഷന്‍ പരിഗണിക്കുമെന്നും സുനില്‍ അറോറ പറഞ്ഞു.
ജൂണ്‍ ഒന്നിന് നിലവിലെ നിയമസഭയുടെ കാലാവധി തീരും. കേരളത്തില്‍ എക്കാലത്തും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഏപ്രില്‍ 14 ന് മുമ്പ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യെപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു തീയതി തീരുമാനിക്കുമ്പോള്‍ വിഷുവും റമദാനും കണക്കിലെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു.