കൊച്ചി:ഇന്ന് ലോകം മുഴുവനും സാങ്കേതിക വിദ്യകളുടെ വഴികളിലൂടെയാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. മനുഷ്യപുരോഗതിയുടെ വ്യാപ്തിയ്ക്കായി ഊന്നല്‍ നല്‍കിയ സൈബര്‍ സാങ്കേതികവിദ്യകള്‍ ഇന്നു ചതിയിലൂടെയും മറ്റും സാമ്പത്തിക തട്ടിപ്പിനും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമൂഹത്തിന്‍റെ അന്തസ്സ് ഹനിക്കുന്നതിനും വേണ്ടിയുമാണ് ചിലര്‍ ഉപയോഗിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ്പ്, ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നടത്തി വരുന്ന തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബര്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചില തട്ടിപ്പുകള്‍ മനസ്സിലാക്കി നമുക്ക് എങ്ങനെ സൈബര്‍ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാം എന്നു മനസ്സിലാക്കാം.
വിദേശത്ത് നിന്നുള്ള വിലകൂടിയ സമ്മാനങ്ങള്‍ തട്ടിപ്പാണ്
ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന നവ മാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും വാട്സ്‌ആപ്പിലൂടെയുമാണ് വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നത്. തട്ടിപ്പിനിരയാകുന്ന പരാതിക്കാരുടെ ഫേസ്ബുക്കിലേക്ക് വിദേശ പൗരന്‍റെ ചിത്രങ്ങള്‍ (കൂടുതലും സ്ത്രീകളുടേത്) പ്രൊഫൈലാക്കി യു.കെയില്‍ ഡോക്ടറാണ്, ബിസിനസ് നടത്തുകയാണ്, ഷിപ്പില്‍ ഉയര്‍ന്ന ജോലിയാണ് എന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് തുടരെ തുടരെ സന്ദേശങ്ങളും മറ്റും അയച്ച് സൗഹൃദത്തിലാകുകയാണ് ആദ്യം തട്ടിപ്പുകാര്‍ ചെയ്യുന്നത്. നിങ്ങള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും പറഞ്ഞ് പരാതിക്കാരെ മോഹന വലയത്തിലാക്കുകയും തുടര്‍ന്നു അവര്‍ അയച്ച സമ്മാനങ്ങള്‍ ഡല്‍ഹിയിലെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് തടഞ്ഞു വെച്ചിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്യും. ഡോളറും പൗണ്ടും സ്വര്‍ണ്ണവുമടങ്ങിയ സമ്മാനങ്ങളുടെ ചിത്രങ്ങള്‍ അയച്ചു തന്നു വിശ്വസിപ്പിക്കും.
തുടര്‍ന്ന് കസ്റ്റംസ് ഓഫിസര്‍ ആണെന്ന് പറഞ്ഞ് സ്ത്രീകളോ പുരുഷന്മാരോ പല തവണ വിളിച്ചും സമ്മാനങ്ങള്‍ വിട്ടുകിട്ടുന്നതിനു റിസര്‍വ്വ് ബാങ്ക് ഇന്ത്യയുടെയും ഐ.എം.എഫിേന്റയും പേരില്‍ ലെറ്ററുകള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചു നല്‍കിയും കസ്റ്റംസ് ക്ലിയറന്‍സിനും മറ്റുമാണെന്ന് പറഞ്ഞ് ലക്ഷകണക്കിനു രൂപയാണ് തട്ടിപ്പുകാര്‍ പരാതിക്കാരെ വിശ്വസിപ്പിച്ച് കൈക്കലാക്കുന്നത്. പരാതിക്കാര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ആ സമയം തന്നെ തട്ടിപ്പുകാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ (എ.ടി.എം കാര്‍ഡ്, യു.പി.ഐ പേയ്മെന്റ്, വാലെറ്റ് etc.) പണം മുഴുവനും പിന്‍വലിച്ചെടുത്തിരിക്കും. പരാതിക്കാര്‍ക്ക് തട്ടിപ്പാണെന്നു മനസ്സിലാകുമ്ബോഴേക്കും പണയം െവച്ചും കടം വാങ്ങിച്ചുമൊക്കെ കൊടുത്ത തുക മുഴുവന്‍ നഷ്ടപ്പെട്ടിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സ്വദേശികളും തലസ്ഥാന നഗരിയായ ഡല്‍ഹിയിലും മറ്റും അനധികൃതമായി താമസിച്ചു വരുന്ന നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടുന്ന സംഘങ്ങളാണ് ഈ തട്ടിപ്പുകള്‍ക്ക് പിന്നില്‍.
ഫേസ്ബുക്കിലെ തട്ടിപ്പു പോലെ തന്നെയാണ് മറ്റൊരു നവമാധ്യമമായ വാട്സ്‌ആപ്പിലൂടെയും ഈ ക്രിമിനലുകള്‍ തട്ടിപ്പുകള്‍ ചെയ്തു വരുന്നത്. പരാതിക്കാര്‍ ഉപയോഗിച്ചിരുന്ന വാട്സ്‌ആപ്പില്‍ +44 ല്‍ തുടങ്ങുന്ന നമ്പരില്‍ നിന്നും സന്ദേശങ്ങള്‍ അയച്ച് സൗഹൃദത്തിലായി മേല്‍പറഞ്ഞ രീതിയില്‍ സമാന തട്ടിപ്പ് നടത്തുന്നു. ഈ തട്ടിപ്പു സംഘങ്ങള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഒരേ ഫേസ്ബുക്ക് ഐഡിയോ വാട്സ്‌ആപ്പ് നമ്പരുകളോ മൊബൈല്‍ നമ്പരുകളോ
ഉപയോഗിക്കാറില്ല. മൊബൈല്‍ സിമ്മുകളും ബാങ്ക് അക്കൗണ്ടുകളും കമ്മീഷന്‍ വ്യവസ്ഥയ്ക്ക് തരപ്പെടുത്തി കൊടുക്കുന്ന സംഘങ്ങളുടെ സഹായത്താലാണ് തട്ടിപ്പുകാര്‍ ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നത്. നിരക്ഷരരായ കര്‍ഷകരുടെയും സാധാരണയാളുകളുടെയും തിരിച്ചറിയല്‍ രേഖകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പൊലീസിന്‍റെ അന്വേഷണം പലപ്പോഴും ഇവരില്‍ മാത്രമേ എത്തി ചേരാറുള്ളു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഐ.എ.എസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചും പണം ആവശ്യപ്പെടുന്ന പുതിയ രീതിയിലുള്ള തട്ടിപ്പും ഇത്തരക്കാര്‍ ഉപയോഗിക്കുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പിനു ശ്രമിച്ചവര്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് സ്വദേശികളാണെന്ന് സൈബര്‍ പൊലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഒ.എല്‍.എക്സിലൂടെയും തട്ടിപ്പ്
മറ്റൊരു പ്രധാന തട്ടിപ്പ് ഒ.എല്‍.എക്സ് എന്ന ആപ്ലിക്കേഷനിലൂടെയാണ്. പട്ടാളക്കാരുടെയും മറ്റും ചിത്രങ്ങള്‍ കൈക്കലാക്കി അവ പ്രൊഫൈല്‍ ചിത്രങ്ങളാക്കി വിശ്വാസം നേടിയെടുത്താണ് ഒ.എല്‍.എക്സിലൂടെ ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും ബൈക്ക്, കാര്‍ എന്നിവയുമൊക്കെ വില്‍ക്കാനുണ്ടെന്ന് പരസ്യം ചെയ്ത് പണം തട്ടിയെടുക്കുന്നത്. തട്ടിപ്പുകാര്‍ നല്‍കുന്ന അക്കൗണ്ടിലോ ഗൂഗിള്‍ പേ വഴിയോ പണം അടച്ച ശേഷം തട്ടിപ്പുകാര്‍ ഫോണ്‍ എടുക്കാതെ വരുമ്ബോഴാണ് പലപ്പോഴും തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. കോവിഡിന്‍റെ നിയന്ത്രണങ്ങളുള്ള ഈ കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളുടെ യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെയോ കേന്ദ്ര സര്‍ക്കാറിന്‍റെ ഇടപെടലിലൂടെയോ മാത്രമേ ഇത്തരം തട്ടിപ്പുകള്‍ക്ക് അവസാനം ഉണ്ടാകുകയുള്ളു.
അപമാനഭാരം ഭയന്ന് ആരും പരാതി പറയാത്ത ഹണി ട്രാപ്പ്
സൈബര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തട്ടിപ്പിന്‍റെ പുതിയ രൂപമാണ് ഹണി ട്രാപ്പ്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിന്നും ആദ്യം ഫ്രണ്ട് റിക്വസ്റ്റുകള്‍ വരും. അത്തരം ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതോടെ അവര്‍ മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും. ഒപ്പം വാട്സാപ്പ് നമ്ബറും കരസ്ഥമാക്കും. തുടര്‍ന്ന് വീഡിയോ കോള്‍ ചെയ്ത് നേരത്തെ റെക്കോര്‍ഡ് ചെയ്ത സ്ത്രീകളുടെ നഗ്ന ശരീരം കാണിച്ചും മറ്റും പ്രേരിപ്പിച്ച് ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് പുതിയ രീതി. കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ നിരവധിയാളുകള്‍ ഈ തട്ടിപ്പിന് ബലിയാടായിട്ടുണ്ട്. അപമാന ഭാരം ഭയന്ന് പലയാളുകള്‍ക്കും പരാതി നല്‍കാന്‍ പോലും മടിയാണ്.
അപരിചിതരുമായി വീഡിയോ ചാറ്റ് വേണ്ട
സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്ബോള്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരിചയമുള്ള ആള്‍ക്കാരെ മാത്രം ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് അതില്‍ പ്രധാനം. അപരിചിതരുമായുള്ള വീഡിയോ മീറ്റിങുകള്‍ ഒഴിവാക്കുക. പരിചയമില്ലാത്ത നമ്പരുകളില്‍ നിന്ന് വരുന്ന കോള്‍ സ്വീകരിക്കാതിരിക്കുക. ബാങ്കിങ് ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കുമ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട ശേഷം മാത്രമേ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാവൂ. ഇന്‍റര്‍നെറ്റ് സെര്‍ച്ച് ചെയ്യുമ്ബോള്‍ യഥാര്‍ഥ സൈറ്റ് ആണ് എന്ന് ഉറപ്പുവരുത്തുക. ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന ബാങ്ക് ഹെല്പ്ലൈന് നമ്ബരുകള്‍ ശരിയാണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കുക. ഇന്‍റര്‍നെറ്റിലെ വ്യാജ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ സ്വീകരിക്കാതിരിക്കുക. സോഷ്യല്‍ മീഡിയകളില്‍ കാണുന്ന പരസ്യങ്ങള്‍ (ജോലി വാഗ്ദാനം ഉള്‍പ്പെടെയുള്ള) പൂര്‍ണ്ണമായി വിശ്വസിക്കാതെ അതു ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ.