മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് കോച്ച് ഗൗതം ഗംഭീറുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അഗാര്‍ക്കര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയത്.
കാറപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് മൂന്ന് ഫോര്‍മാറ്റിലും റിഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. വിദേശത്ത് അടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സുപ്രധാന വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കളിക്കാരനുമാണ് റിഷഭ് പന്ത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ റിഷഭ് പന്തിനെ ഇതുവരെ ടി20 മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ അടക്കം വരാനിരിക്കുന്ന നിര്‍ണായക പരമ്പരകള്‍ കണക്കിലെടുത്ത് തിരിച്ചുവരവിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് റിഷഭ് പന്തിന് ഏകദിന ടീമിലും ഇപ്പോള്‍ അവസരം നല്‍കിയത്. റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു അടക്കമുള്ള ചില താരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായി. എന്നാല്‍ ഇപ്പോള്‍ ടീമിലെത്തിയ താരങ്ങള്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടിയാല്‍ മാത്രമെ അവര്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്താനാവു. കാരണം, പറ്റിയ പകരക്കാര്‍ പുറത്തുണ്ട്. പുറത്തു നില്‍ക്കുന്നവരോട് പറയാനുള്ളത് മികച്ച പ്രകടനം തുടരണമെന്നാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് അഭിഷേക് ശര്‍മെയയും റുതുരാജ് ഗെയ്ക്‌വാദിനെയും ഒഴിവാക്കേണ്ടിവന്നതും ബുദ്ധിമുട്ടേറിയ തിരുമാനമാണ്. ഒഴിവാക്കപ്പെട്ടവര്‍ക്ക് അതിന്‍റെ വിഷമം ഉണ്ടാകുമെന്ന് മനസിലാക്കുന്നു. പക്ഷെ ടി20 ലോകകപ്പിന് മുമ്പ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും റിങ്കു സിംഗിന് ലോകകപ്പ് ടീമിലെത്താനായിരുന്നില്ല. 15 പേരെയല്ലെ ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവൂ എന്നും അഗാര്‍ക്കര്‍ പറഞ്ഞു.
കളിക്കാര്‍ക്ക് ടീമില്‍ തുടര്‍ച്ച നല്‍കാതെ ഇടക്കിടെ മാറ്റുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീറാണ് മറുപടി നല്‍കിയത്. കളിക്കാരുടെ തുടര്‍ച്ച പ്രധാനമാണെന്നും എന്നാല്‍ ഏതെങ്കിലും കളിക്കാരന്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള താരമാണെങ്കില്‍ അയാളെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കണമെന്നാണ് തന്‍റെ നിലപാടെന്നും ഗംഭീര്‍ വിശദീകരിച്ചു.
കാരണം, മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാനാവുക എന്നത് ഒരു കളിക്കാരന്‍റെ മികവാണ്. ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിച്ചതോടെ പുതുതായി മൂന്ന് കളിക്കാര്‍ക്ക് അവിടെ അവസരം ലഭിക്കുന്നുണ്ട്. ഈ രീതിയിലാണ് തലമുറ മാറ്റം സംഭവിക്കുന്നതെന്നും ഏകദിനത്തിനും ടെസ്റ്റിനും ടി20ക്കും വ്യത്യസ്ത ടീമുകളെന്ന ആശയം ഒറ്റയടിക്ക് നടപ്പാക്കാനാവില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. ടി20 ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മൂന്ന് കളിക്കാര്‍ ഒരുമിച്ച് വിരമിച്ചതോടെ മാറ്റത്തിന്‍റെ ബട്ടൺ തങ്ങള്‍ അമര്‍ത്തുകയാണെന്ന് അഗാര്‍ക്കറും കൂട്ടിച്ചേര്‍ത്തു.