തെളിവെത്തിയത് ചിറകടിച്ച്; കൊലപാതകം തെളിയിക്കാൻ പോലീസിനെ സഹായിച്ചത് ഈച്ച

ഭോപ്പാല്‍: കൊലപാതക കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് ഈച്ച. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകമാണ് ഈച്ചയുടെ സഹായത്തോടെ പോലീസ് തെളിയിച്ചത്.

വ്യാഴാഴ്ച രാത്രി 19-കാരനായ മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാന്‍ പോയ മനോജ് ഠാക്കൂറിനെ കാണാതാകുകയായിരുന്നു. പിറ്റേന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്തു. വൈകീട്ടോടെ മനോജിന്റെ മൃതദേഹം കണ്ടെത്തി.

അവസാനമായി ഒപ്പമുണ്ടായിരുന്ന ധരം സിങ്ങിനെയാണ് പോലീസ് സംശയിച്ചത്. ചോദ്യം ചെയ്‌തെങ്കിലും വിശ്വസിനീയമായ തരത്തിലാണ് ഇയാള്‍ പോലീസിന് മറുപടികള്‍ നല്‍കിയത്. കൊലയ്ക്ക് പിന്നിലെ കാരണം പറയാനോ സി.സി.ടി.വി. ദൃശ്യവും ദൃക്‌സാക്ഷികളും ഉള്‍പ്പെടുയുള്ള തെളിവുകള്‍ കണ്ടെത്താനോ പോലീസിന് കഴിഞ്ഞില്ല.

അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കിലും പോലീസിന് ധരം സിങ്ങിനെ തന്നെയായിരുന്നു സംശയം. അതോടെ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഇതിനിടെയാണ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റ് സംഭവിച്ചത്.

ചോദ്യം ചെയ്യലിനിടെ ധരം സിങ്ങിനെ ചുറ്റി ഒരു ഈച്ച പറക്കുന്നത് അന്വേഷണോദ്യോഗസ്ഥനായ അഭിഷേക് പയാസിയുടെ ശ്രദ്ധയില്‍ പെട്ടു. മറ്റാരുടെയും സമീപം പോകാതെ ഈച്ച ഇയാളെ മാത്രമാണ് ചുറ്റിപ്പറന്നത്. തുടര്‍ന്ന് ധരം സിങ്ങിനോട് ധരിച്ച ഷര്‍ട്ട് ഊരി നല്‍കാന്‍ അഭിഷേക് ആവശ്യപ്പെട്ടു.

ഉടന്‍ ഷര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതോടെയാണ് കേസില്‍ നിര്‍ണായകമായ തെളിവ് ലഭിക്കുകയും ധരം സിങ്ങാണ് പ്രതി എന്ന് ഉറപ്പിക്കുകയും ചെയ്തത്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത രക്തക്കറ ഷര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നായിരുന്നു പരിശോധനാഫലം. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ധരം സിങ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിങ് പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News