News

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

ഗൂഗിള്‍ പേ, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേസ്റ്റോര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യകതയായി മാറിയിരിക്കുന്നു.
ഗൂഗിള്‍ സേവനങ്ങളെല്ലാം കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. നമ്മുടെ പലരുടെയും സാമ്ബത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ താക്കോലും ഇപ്പോള്‍ ഗൂഗിളാണെന്ന് പറയാം.

നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങളാവും നമുക്ക് സംഭവിക്കുക. അതിനാല്‍, ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്‌ബോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. മിക്കപ്പോഴും ആളുകള്‍ തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യവും നമ്മുടെ നിര്‍ണായക വിവരങ്ങളെല്ലാം വിദൂരത്തിരുന്ന് ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്ന കാര്യവും അറിയാറില്ല. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് നോക്കാം:

നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഒരു സ്‌കാമര്‍ ആദ്യം ചെയ്യുന്ന കാര്യം അതിലെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ പാസ്‌വേര്‍ഡ് മാറ്റുക.

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുന്ന ചില വഴികളുമുണ്ട്. അത് പരിശോധിക്കാം.

ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന് ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം – 2: അടുത്തതായി, ‘റീസെന്റ് സെക്യൂരിറ്റി ഇവന്റ്സ്’ പാനലിന് കീഴിലുള്ള ‘റിവ്യൂ സെക്യൂരിറ്റി ഇവന്റ്സ്’ ക്ലിക്കു ചെയ്യുക.

ഘട്ടം – 3: ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയിലെ വിവരങ്ങളില്‍ സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക. അതില്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരു പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ‘നോ, ഇറ്റ് വാസ് നോട്ട് മീ’ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ‘യെസ്’ തിരഞ്ഞെടുക്കുക.

ആരെങ്കിലും പുതിയൊരു ഡിവൈസിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രെഡന്‍ഷ്യലുകളിലേക്ക് കടന്നുകയറിയിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ ചുവടെയുള്ള ഘട്ടങ്ങള്‍ പിന്തുടരുക.

ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന്, ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ തിരഞ്ഞെടുക്കുക.

ഘട്ടം – 2: ഇപ്പോള്‍, ‘യുവര്‍ ഡിവൈസ് പാനല്‍’ ഓപ്ഷനിലെ ‘മാനേജ് ഡിവൈസ്’ തിരഞ്ഞെടുക്കുക.

ഘട്ടം – 3: അപ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളുടെയും ലിസ്റ്റ് കാണാം.

ഘട്ടം – 4: ഇതില്‍ നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു ഡിവൈസ് കണ്ടെത്തുകയാണെങ്കില്‍, ആ ഉപകരണത്തിന്റെ പേരിന് താഴെയുള്ള ‘മോര്‍ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം – 5: ഇനി, ‘ഡോണ്ട് റെക്കഗ്‌നൈസ് ദിസ് ഡിവൈസ്?’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം, അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുമുള്ള തുടര്‍നടപടികള്‍ പിന്തുടരുക.

നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ അക്കൗണ്ടിലെ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും ഗൂഗിള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടിലെ അസ്വാഭാവികമായ സൈന്‍-ഇന്‍ അല്ലെങ്കില്‍ പുതിയ ഡിവൈസിലൂടെയുള്ള ലോഗിന്‍ ചെയ്യല്‍ തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പുകള്‍ ലഭിക്കും. അത് അനുസരിച്ച് നമ്മുക്ക് തുടര്‍ നടപടികള്‍ എടുക്കാന്‍ സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button