കോട്ടയം: പള്ളത്ത് വെട്ടിമാറ്റുന്നതിനിടെ പുളിമരം വീട്ടുമുറ്റത്തേയ്ക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുകയായിരുന്നു. മരത്തിൽ വടം കെട്ടിയ ശേഷം വലിച്ചുമാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുകയായിരുന്ന മേരിക്കുട്ടി, ഷേർളി, സ്മിത എന്നിവർക്കിടയിലേയ്ക്ക് മരം വീഴുകയായിരുന്നു. സ്മിതയും ഷേർളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ദേഹത്തേക്കാണ് മരം വീണത്. തൽക്ഷണം മരണം സംഭവിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവമറിഞ്ഞ് ചിങ്ങവനം പോലീസും സ്ഥലത്തെത്തി.