തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 52 കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരായ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിൻ തന്നെ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്ന് വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണംചെയ്തെന്നും കടയിലെത്തി നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ചെന്നും മരിച്ച വീട്ടമ്മ കുറിപ്പിൽ ആരോപിക്കുന്നു. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മകന് എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. കടബാധ്യതയെക്കുറിച്ചും അത് വീട്ടണമെന്നും പറഞ്ഞാണ് വീട്ടമ്മയുടെ കത്ത്. ഈ കത്തിലാണ് ലൈംഗികമായ ഉപദ്രവത്തേക്കുറിച്ചും വീട്ടമ്മ വെളിപ്പെടുത്തുന്നത്.
കട ബാധ്യത തീർക്കാൻ വായ്പയ്ക്ക് വേണ്ടി സഹായിക്കണമെന്നാവശ്യപ്പെട്ട് ജോസ് ഫ്രാങ്ക്ലിനെ സമീപിച്ചപ്പോൾ അയാൾ തന്നോട് ലൈംഗികാവശ്യം ഉന്നയിച്ചു. ലോൺ തരാമെന്ന് പറഞ്ഞ് ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു. അതിന് ശേഷം നിരന്തരമായി കടയിൽ എത്തുകയും ലൈംഗികാവശ്യം ഉന്നയിച്ച് ശല്യം ചെയ്യുകയുമായിരുന്നു. ഒരു തരത്തിലും അയാൾ പറയുന്നതനുസരിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന ഘട്ടം എത്തിയപ്പോഴാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് കത്തിൽ പറയുന്നത്.
‘ബില്ലുകൾ നൽകാൻ ഓഫീസിൽ ചെന്നപ്പോൾ എന്റെ കൈയിൽ പിടിച്ച് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ കൂടെ നിൽക്കണമെന്നും വിളിക്കുമ്പോൾ വരണമെന്നും ആഴ്ചയിൽ ഒരിക്കൽ എവിടെയെങ്കിലും വെച്ച് കാണണമെന്നും പറഞ്ഞു. എന്റെ സ്വകാര്യഭാഗങ്ങളിലൊക്കെ പിടിച്ചു. അവന്റെ സ്വകാര്യഭാഗത്തും എന്റെ കൈപിടിച്ചുവെച്ചു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ? അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. വൃത്തികെട്ട് എനിക്ക് ജീവിക്കേണ്ട, ഞാൻ മരിക്കുന്നു’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. ലോണിന്റെ കാര്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോൾ കാണും, ഇറങ്ങി വാ എന്നൊക്കെ പറയും. എനിക്ക് ഇനി ജീവിക്കണ്ട ഞാൻ പോകുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ വീട്ടമ്മ പറയുന്നു.
സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്ക്ലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാൾക്ക് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഗ്യാസിൽനിന്ന് തീപടർന്ന് മരിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ, പിന്നീട് അടുക്കളയിൽനിന്ന് മണ്ണെണ്ണക്കുപ്പി കണ്ടെത്തി. ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നെന്നാണ് പരിശോധനയിൽ പോലീസ് വ്യക്തമാക്കുന്നത്. ജീവനൊടുക്കുന്നതിനു മുൻപായി മകനും മകൾക്കും പ്രത്യേകം ആത്മഹത്യാക്കുറിപ്പെഴുതിയിരുന്നു.
ജോസ് ഫ്രാങ്ക്ലിൻ പലപ്പോഴും രാത്രി വൈകി അമ്മയെ ഫോൺവിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും ജോസ് ഫ്രാങ്ക്ലിന്റെ ശല്യം കാരണമാണ് അമ്മ ജീവനൊടുക്കിയതെന്നും മകൻ പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചതിനെത്തുടർന്ന് രണ്ടുമക്കളും സ്ത്രീയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂന്നുമാസം മുമ്പ് വീടിനു സമീപത്തായി ഒരു ബേക്കറി ഇവർ ആരംഭിച്ചിരുന്നു.
അതിനിടെ ജെ. ജോസ് ഫ്രാങ്ക്ലിനെ അറസ്റ്റു ചെയ്യണമെന്നും കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം, ഡിവൈഎഫ്‌ഐ, മഹിളാ മോർച്ച, യുവമോർച്ച സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.


