ടിവി കാണാനായി വീട്ടിലെത്തി, വീട്ടമ്മയെ കൊന്ന് താലിമാല കവര്‍ന്നു; വാടകക്കാരായ ദമ്പതിമാര്‍ പിടിയില്‍

ടിവി കാണാനെന്നുപറഞ്ഞ് വീട്ടിലെത്തി, വീട്ടമ്മയെ കൊന്ന് താലിമാല കവര്‍ന്നു; വാടകക്കാരായ ദമ്പതിമാര്‍ പിടിയില്‍

ബെംഗളൂരു: വീട്ടുടമയുടെ ഭാര്യയെ കൊലപ്പെടുത്തി താലിമാല കവര്‍ന്ന കേസില്‍ വാടകക്കാരായ ദമ്പതിമാര്‍ അറസ്റ്റില്‍. ബെംഗളൂരു ഉത്തരഹള്ളിയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ല്‍(26), ഭാര്യ സാക്ഷി ഹനമന്ത(23) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കോട്ടേണ്‍പേട്ടിലെ ഫാക്ടറി ജീവനക്കാരനായ അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മിയെയാണ് ദമ്പതിമാര്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

അശ്വതിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പ്രതികള്‍. തിങ്കളാഴ്ച അശ്വത് ജോലി കഴിഞ്ഞെത്തിയപ്പോളാണ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

തിങ്കളാഴ്ച അശ്വത് ജോലിക്ക് പോയതോടെ ഭാര്യ ശ്രീലക്ഷ്മി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് വാടകക്കാരായ ദമ്പതിമാര്‍ ടിവി കാണാനെന്ന വ്യാജേന ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശ്രീലക്ഷ്മിയെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലക്ഷ്മിയുടെ സ്വര്‍ണമാലയും പ്രതികള്‍ കവര്‍ന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് വാടകക്കാരായ ദമ്പതിമാര്‍ ശ്രീലക്ഷ്മിയെ കാണാനെത്തിയതായി കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.

സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വീട്ടുടമയായ അശ്വതിന് ഉള്‍പ്പെടെ പലര്‍ക്കും പ്രതികള്‍ പണം നല്‍കാനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ശ്രീസെയ്ല്‍ ബെംഗളൂരുവില്‍ കൂലിപ്പണി ചെയ്യുന്നയാളാണ്. ഭാര്യ സാക്ഷി ജൂവലറിയിലെ ജീവനക്കാരിയാണ്. രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News