ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയിൽ വീട് അക്രമിച്ച് കയറിയ അഞ്ചംഗ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പീഡനത്തിന് ഇരയായ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ട, കല്ല്, മരക്കഷ്ണം എന്നിവ കണ്ടെത്തിയിരുന്നു. ജൂൺ 11-ന് രാത്രി ചാക്കിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
രാത്രി 11.30-ഓടെ ശുചിമുറിയിൽ പോയ സമയത്താണ് അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ നെഞ്ചിലും തുടയിലും മുറിവേൽപ്പിച്ചു. തുടർന്ന് ഭർത്താവിനെ ബന്ധുക്കൾ മോചിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
''ആദ്യം ബറൗണി ആശുപത്രിയിൽ പോയി. അവിടെ നിന്ന് സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സ നൽകി. എന്നാൽ എന്റെ സ്വകാര്യഭാഗങ്ങളിൽ തുടർച്ചയായി വേദന അനുഭവപ്പെട്ടു. അന്ന് നടത്തിയ പരിശോധനയിൽ, പീഡനത്തിനിടെയുണ്ടായ പരിക്കുകൾ മൂലമാണ് വേദനയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. വേദന അസഹ്യമായതുകൊണ്ട് ഞങ്ങൾ വീണ്ടും സദർ ആശുപത്രിയിലെത്തി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വെടിയുണ്ട, കല്ല്, മരക്കഷ്ണം എന്നിവ പുറത്തെടുത്തത്. ഇപ്പോഴും എനിക്ക് നല്ല വേദനയുണ്ട്. അബോധാവസ്ഥയിലായിരുന്നതിനാൽ ഇതൊന്നും അറിഞ്ഞില്ല'' എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മാസം മുമ്പ് ഇതേ വീട് അക്രമിച്ച് കയറിയ മൂന്നംഗ സംഘം തന്നെ മർദിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും കവരുകയും ചെയ്തിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. അന്ന് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഇവർ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎസ്പി ആനന്ദ് കുമാർ പാണ്ഡെ അറിയിച്ചു.
യുവതിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും, പരാതി നൽകിയപ്പോൾ നടപടിയെടുക്കാതിരുന്ന പോലീസുകാർക്കെതിരെ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

