വെള്ളറട: യുവതി തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. ഇവര്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ എത്തിച്ചതാണെന്ന് യുവാവ് പറയുന്നു.
മരിച്ചനിലയില്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൃത്ത് പൂവാര്‍ പുതിയതുറ സ്വദേശി വിഷ്ണുവിനെ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. വാട്സ് അപ്പ് വഴി ഇവര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനല്‍കി.
നാലുവര്‍ഷമായി ഗോപികയും വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ക്ക് മൂന്നുവയസായ ഒരു കുട്ടിയുണ്ട്. വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.