ഹര്‍ദോയ്: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം എരുമയെ വിറ്റുകിട്ടിയ പണവുമായി ഭാര്യ ഒളിച്ചോടിയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വമ്പന്‍ ട്വിസ്റ്റ്. താന്‍ ആരുടെയൊപ്പവും ഒളിച്ചോടിയതല്ലെന്നും വീടുവിട്ടിറങ്ങിയത് ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണെന്നും യുവതി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് യുവതി വീടുവിട്ടിറങ്ങിയത് എന്നാണ് വിവരം.
യുവതി ഒളിച്ചോടി എന്ന പരാതി വാസ്തവവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ കൈക്കൊണ്ടതായും പോലീസ് അറിയിച്ചു. ജനുവരി മൂന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവവികാസങ്ങള്‍ ഉണ്ടായത്.
വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് രാജു (45) എന്നയാള്‍ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ ഭാര്യ രാജേശ്വരി (36) പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം ഒളിച്ചോടി എന്നാണ് രാജു പരാതി നല്‍കിയത്. താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ടാണ് യുവതി സ്ഥലംവിട്ടതെന്നും രാജു പരാതിയില്‍ പറഞ്ഞിരുന്നു.
രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം കേസെടുത്ത പോലീസ്, യുവതിക്കായി തിരച്ചില്‍ ആരംഭിച്ചു. അതേസമയം, കേസിനെക്കുറിച്ച് അറിഞ്ഞ യുവതി സ്വമേധയാ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു എന്ന് ഹര്‍ദോയ് പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഭര്‍ത്താവ് രാജു തന്നെ സ്ഥിരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നതായി രാജേശ്വരി പോലീസിനോട് പറഞ്ഞു. തീരെ സഹിക്കാന്‍ കഴിയാത്ത സ്ഥിതി വന്നതോടെയാണ് യുവതി ഭര്‍ത്താവിന്റെ അടുക്കല്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഫറൂഖാബാദിലുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് യുവതി പോയത്.
പോലീസിന്റെ അന്വേഷണത്തില്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഒളിച്ചോടി എന്നത് തെറ്റാണെന്നും യുവതി പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തി ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.