കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും ചാടി ഗുരുതര പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരി ആണ് മരിച്ചത്. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. ഫ്ലാറ്റുടമകൾക്ക് എതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്‍റെ പരാതി. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്റ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എഫ്ഐആറിൽ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ ശ്രീനിവാസൻ നൽകിയ മൊഴിയിൽ ഫ്ലാറ്റ് ഉടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരൻ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു. തുടർ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുൾപ്പെടുത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും പൊലീസ് അറയിച്ചു.