അടിമാലി: പൂപ്പാറയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45) ആണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 2.15നാണ് സംഭവം. ഭര്‍ത്താവ് ചിരഞ്ജീവി. മക്കള്‍ ഇളങ്കോവര്‍ (25), ഗോപി (22). പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കില്‍ കാട്ടാന അക്രമത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് അതിരാവിലെയാണ് സംഭവം. ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയുടെ ഷെഡ് കാട്ടാന പൊളിച്ചു. ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു ഈ സമയം ഇവരുടെ രണ്ട് കുട്ടികള്‍ ഉറക്കത്തിലായിരുന്നതിനാല്‍ എന്തു ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്ന ഷിജോയും ഭര്യയും ഒച്ച വച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയവും ഷെഡ് കുത്തിമറിക്കാന്‍ ആന ശ്രമിക്കുകയായിരുന്നു.
ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പുനരധിവാസ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സി.പി.എം നേതാക്കളായ കെ.കെ. ജനാര്‍ദ്ദനന്‍, കെ.ബി. ഉത്തമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഷിജോക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.