അരൂര്‍: ദേശീയപാതയില്‍ അരൂര്‍ അമ്പലം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ സി.പി.എം. അരൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിന് മുന്നിലാണ് അപകടം നടന്നത്.
ഉയരപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കിലായിരുന്നു അരൂര്‍ അമ്പലം കവല. ഇതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന മല്ലികയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസിന്റെ പിന്‍ചക്രങ്ങള്‍ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. അപകടത്തിൽ മല്ലിക തത്ക്ഷണം മരിച്ചു. അമ്പലം കവലയിൽ ട്രാഫിക് നിയന്ത്രിക്കാനായി കരാര്‍ കമ്പിനി നിയോഗിച്ചിട്ടുള്ള മാര്‍ഷല്‍മാരുടെ മുന്നിൽ വെച്ചാണ് സംഭവം. മകളുടെ പാണാവള്ളിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു മല്ലിക.
എരമല്ലൂര്‍ കലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തിരുവാതിര ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു. അരൂര്‍ പോലീസും അഗ്നിശമനസേനയും എത്തിയാണ് മൃതശരീരം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
മല്ലിക എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തില്‍ സഹായിയായി ജോലിചെയ്യുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ അജയന്‍, മക്കള്‍: അനില്‍കുമാര്‍ (വര്‍ക്ക്‌ഷോപ്പ്, ശ്രീനാരായണപുരം), അര്‍ച്ചന, മരുമക്കള്‍: മനോജ്, രേഷ്മ. അരൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.