തിരുവനന്തപുരം: ആറുമീറ്ററില്‍താഴെ വീതിയുള്ള റോഡുകളില്‍നിന്ന് രണ്ടുമീറ്റര്‍ മാറി വീടുവെക്കാന്‍ ഇനി അനുമതി. ഇതിനായി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും ഭേദഗതിചെയ്യും. ഇതിന്റെ കരടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കെട്ടിടനിര്‍മാണത്തിന് അനുവാദം വാങ്ങിയ ശേഷമുണ്ടാകുന്ന ചെറിയ ചട്ടലംഘനങ്ങള്‍ക്ക് ഇളവ് അനുവദിക്കും. അപ്പീല്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നൽകുന്ന രീതിയിലും കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാനാകുന്ന രീതിയിലുമാണ് ചട്ടം ഭേദഗതി ചെയ്യുന്നത്.
നിര്‍മാണാനുമതി വാങ്ങിയശേഷം ചട്ടംലംഘിച്ചതായി കണ്ടാല്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പരമാവധി 15 ശതമാനം വരെയും ചില ചട്ടങ്ങളില്‍ 10 ശതമാനം വരെയും ഇളവനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത്.