പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച ഹോട്ടല്‍ അടിച്ചു തകർത്തു; അഞ്ച് പേർ അറസ്റ്റിൽ

പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച ഹോട്ടല്‍ അടിച്ചു തകർത്തു; അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായത് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഭാരവാഹികളെന്ന് പോലീസ്

തൃശൂര്‍: ദേശീയ പണിമുടക്ക് ദിവസം ഗുരുവായൂരില്‍ തുറന്ന് പ്രവർത്തിച്ച ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലുവായ് സ്വദേശി വടാശേരി വീട്ടില്‍ ലുട്ടു എന്ന് വിളിക്കുന്ന അനീഷ്, തിരുവെങ്കിടം പനങ്ങോടത്ത് പ്രസാദ്, ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു, മാവിന്‍ചുവട് പുതുവീട്ടില്‍ മുഹമ്മദ് നിസാര്‍, കാരക്കാട് കക്കാട്ട് രഘു എന്നിവരെയാണ് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ. ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെ നടയിലെ സൗപര്‍ണിക ഹോട്ടലാണ് പ്രതികൾ അടിച്ചു തകർത്തത്. ഹോട്ടലിന് മുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും അക്രമി സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. അറസ്റ്റിലായ അഞ്ച് പേരും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഭാരവാഹികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. പ്രീത ബാബു, എ.എസ്.ഐമാരായ പി.എ. അഭിലാഷ്, കെ. സാജന്‍, എ.എസ്. വിനയന്‍, സി.പി.ഒമാരായ വി.ആര്‍. ശ്രീനാഥ്, ഗഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News