കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാരെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി താമസിപ്പിച്ച മൂന്ന് ഹോട്ടലുകള്‍ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ഉത്തരവ്. പഴയ ബസ് സ്റ്റാന്‍ഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ദേര സിറ്റി ഹോട്ടല്‍, എമിറേറ്റ്‌സ് ഹോട്ടല്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സെഞ്ച്വറി പാര്‍ക്ക് ഹോട്ടല്‍ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവായത്. ആരോഗ്യ വകുപ്പിനെയോ മറ്റ് ബന്ധപ്പെട്ടവരെയോ അറിയിക്കാതെയാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചത്.
സന്നദ്ധ സംഘടന ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവന്ന പ്രവാസികള്‍ കയറിയ വിമാനത്തിന് മംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ ഇറക്കുകയായിരുന്നു. 149 പേരെയാണ് അനുമതി ഇല്ലാതെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. കാസര്‍കോട് ടൗണിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം ജില്ലാ പൊലീസ് ചീഫ് ഡി. ശില്പയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എസ്.പി ജില്ലാ കളക്ടറെ അറിയിച്ചതോടെ നടപടി സ്വീകരിക്കുകയായിരുന്നു.
കാസർകോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക ഉൾപ്പടെ അഞ്ച് പേര്‍ക്ക് ഇന്നെലെ രോഗമുക്തി.വീടുകളില്‍ 5456 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 428 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5884 പേരാണ്.പുതിയതായി 359 പേരെ നീരിക്ഷണത്തിലാക്കി.545 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.338 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.