ഷൊർണൂർ: നേത്രാവതി എക്സ്പ്രസ്സിലെ പാൻട്രികാറിൽ കുടിവെള്ളമാവശ്യപ്പെട്ടെത്തിയ യാത്രികന്റെ മേലേക്ക് പാൻട്രികാർ തൊഴിലാളികൾ ചൂടുവെള്ളമൊഴിച്ചു. ഇതേത്തുടർന്ന് മുംബൈ സ്വദേശി അഭിഷേക് ബാബുവിന് പൊള്ളലേറ്റു. സംഭവത്തിൽ തീവണ്ടിയിലെ പാൻട്രികാർ മാനേജരായ യുപി സ്വദേശി രാഘവേന്ദ്രസിങ്ങിനെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു.
നേത്രാവതി എക്സ്പ്രസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ചൂടുവെള്ളത്തിന് നൽകേണ്ട 15 രൂപയ്ക്കുപകരം 200 രൂപ നോട്ട് നൽകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിനിടയാക്കിയതെന്ന് പറയുന്നു. പൊള്ളലേറ്റ അഭിഷേക് ബാബു തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. തൃശ്ശൂർ തൃപ്രയാർ തെമ്മാപ്പുള്ളി തേനംമാറാട്ട് അഷീഷിന്റെ പരാതിയിലാണ് രാഘവേന്ദ്രസിങ്ങിനെ അറസ്റ്റു ചെയ്തത്.
മുംബൈ സ്വദേശികളായ അനീഷ്, കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവരോടൊപ്പം അഷീഷ് തൃശ്ശൂരിലേക്ക് വരുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ തീവണ്ടിയിലെ പാൻട്രികാറിലെത്തി കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ തൊഴിലാളികൾ മർദിക്കുകയും ചുടുവെള്ളമൊഴിച്ച് പൊള്ളിക്കുകയുമായിരുന്നു എന്നാണ് പരാതി. അഭിഷേക് ബാബുവിന്റെ പിൻഭാഗത്ത് മുഴുവൻ പൊള്ളലേറ്റിട്ടുണ്ട്.
തൃശ്ശൂരിൽ പിടിയിലായ രാഘവേന്ദ്രസിങ്ങിനെ ഷൊർണൂരിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ എസ്ഐ അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണിയാളെ പിടികൂടിയത്.


