പത്തനംതിട്ട: യുവാവിനെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരനായ റാന്നി സ്വദേശിക്ക് ഭാര്യ രശ്മിയുമായി അവിഹിതബന്ധമുണ്ടായതായി ഭര്‍ത്താവ് ജയേഷ് സംശയിച്ചിരുന്നതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണില്‍ ഉണ്ടെന്നും ജയേഷ് സംശയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അതിക്രൂര പീഡനം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയേഷ് യുവാവിനെ തിരുവോണദിവസമാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. വീട്ടിലെത്തിയ ഉടനെ രശ്മിയും ജയേഷും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. ഒരു ഷാള്‍ ഉപയോഗിച്ച് കൈയ്യും കാലും കെട്ടുകയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിത്തൂക്കി. പിന്നാലെ ഇരുമ്പുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയ്യില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നഖത്തില്‍ മുട്ടുസൂചി അടിച്ചുകയറ്റാന്‍ ശ്രമിച്ചതായും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്തു. യുവാവ് അവശനായതിന് പിന്നാലെ സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തി കൊണ്ടുപോകുകയും ഇയാളെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. തങ്ങള്‍ മര്‍ദിച്ചതായി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
അതിന് ശേഷം പോലീസിനോട് പറയേണ്ട കാര്യങ്ങളും ജയേഷ് യുവാവിനോട് പറഞ്ഞുകൊടുത്തു. യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതായി പുറത്തുപറയണമെന്നാണ് ജയേഷ് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു മൊഴിയാണ് യുവാവ് പോലീസിനും നല്‍കുന്നത്. അതനുസരിച്ച് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ പോലീസ് ഈ കള്ളക്കഥ പൊളിക്കുകയായിരുന്നു.
യുവാവിന്റെ കാമുകിയെ ജയേഷും രശ്മിയും നേരത്തേ കാണുകയും പോലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും പറഞ്ഞു. ഇതാണ് ദമ്പതിമാരെ കുരുക്കിയത്. കാമുകിയില്‍ നിന്ന് ദമ്പതിമാരെ കുറിച്ചുള്ള വിവരം പോലീസിന് കിട്ടുകയും അന്വേഷണത്തിനൊടുക്കം പിടികൂടുകയുമായിരുന്നു. റാന്നി സ്വദേശിയെ മര്‍ദിച്ച സംഭവത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം ആലപ്പുഴ സ്വദേശിയെ എന്തിന് മര്‍ദിച്ചുവെന്നതില്‍ വ്യക്തതയില്ല. ആഭിചാര ക്രിയകളും ഹണി ട്രാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.


