മംഗളൂരു:ഹണിട്രാപ്പില്‍പ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍. ബണ്ട്വാള്‍ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂര്‍ അട്ടിക്കെരെയിലെ അസര്‍, മന്തൂര്‍ അംബേദ്കര്‍ ഭവനിലെ എം. നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂര്‍ പൊലീസ് അറിയിച്ചു.
മുദ്‌നൂര്‍ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുള്‍ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്.അഞ്ചുമാസം മുമ്ബ് പരാതിക്കാരന്റെ വാട്സാപ്പിലേക്ക് തനിഷ രാജ് ‘ഹായ്’ എന്ന സന്ദേശം അയച്ചു. തുടരെ മൂന്നുതവണ സന്ദേശം വന്നപ്പോള്‍ യുവാവ് മറുപടി അയച്ചു. തുടര്‍ന്ന് ഇവര്‍ നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുകയും വീഡിയോ കോള്‍ വഴി സംസാരിക്കുകയും ചെയ്ത് സൗഹൃദം സ്ഥാപിച്ചു.
പിന്നീട് നേരിട്ട് കാണാനായി ആളൊഴിഞ്ഞ സ്ഥലത്തെത്താന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. അതുപ്രകാരം അബ്ദുള്‍ നസീര്‍ എത്തിയപ്പോള്‍ മറ്റ് അഞ്ചുപേര്‍ എത്തുകയും 30 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ തനിഷയുമായുള്ള വീഡിയോകോളിലെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
രണ്ടുതവണകളായി 30 ലക്ഷം രൂപ യുവാവ് നല്‍കി. ഇതിനുശേഷം നസീര്‍ തെളിവുസഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ കവര്‍ന്ന പണം കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് സൂചിപ്പിച്ചു.