കൊച്ചി: യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പടെ രണ്ടു പേരെ അറസ്റ്റു ചെയ്തു. ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ ആണ് തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ്, എം കെ കെ നഗറിൽ പുതുമന വീട്ടിൽ മനീഷ (26) സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ ഹക്ഖസ് നമ്പർ 6/1347 ൽ സുനിൽ (34) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ടൈൽ പണിക്കാരനായ യുവാവ് ഫ്ലാറ്റിൽ ജോലിക്കിടെ ആണ് വീട്ടുജോലിക്ക് നിന്ന മനീഷയെ പരിചയപ്പെടുന്നത്. ഇതിനിടയിൽ മനീഷ യുവാവിൽ നിന്നും 2000 രൂപ കടമായി വാങ്ങിയിരുന്നു. തുടർന്ന് മനീഷ യുവാവിനോട് എറണാകുളം നോർത്തിലുള്ള ലിവ് റീജൻസിയിൽ മുറിയെടുക്കുവാൻ ആവശ്യപ്പെട്ടു.
തുടർന്ന് യുവാവ് ഇക്കഴിഞ്ഞ 15ന് ഹോട്ടലിൽ മുറിയെടുക്കുകയും, മനീഷയെ കാത്തിരിക്കവെ മനീഷ സുഹൃത്തായ സുനിയുമൊന്നിച്ച് ഹോട്ടലിൽ എത്തുകയും, സുനിയെ മുറിക്കു പുറത്ത് നിറുത്തി മനീഷ റൂമിൽ കയറി വാതിലടക്കുകകയും ചെയ്തു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുകയും സുനി അകത്തു കയറി യുവാവിനെ ചവിട്ടി വീഴ്ത്തുകയും ഇടിവള കൊണ്ട് മുഖത്തിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചു പറിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ട് റിസപ്ഷനിൽ ഉണ്ടായിരുന്ന ജീവനക്കാർ എത്തി സുനിയെ പിടിച്ചു മാറ്റി. ഇതിനിടയിൽ ഹോട്ടലിൽ നിന്ന് ഓടിപ്പോയ യുവാവ് രാത്രി 8 മണിയോടെ മഞ്ഞുമ്മൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി.
പിന്നാലെ മനീഷ യുവാവിനെ ഫോൺ വിളിച്ച് പ്രശ്നം ഒത്തു തീർക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് മനീഷയേയും സുനിയേയും പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരിൽ നിന്നും മാല വിറ്റു കിട്ടിയ പണവും കണ്ടെടുത്തു. തുടർന്ന് പള്ളുരുത്തിയിലെ ജുവല്ലറിയിൽ നിന്നും പ്രതികൾ വിറ്റ മാലയും പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ അനീഷ് ജോയ്, പ്രിൻസിപ്പൽ ഇൻസ്പെക്ടർ കെ പി അഖിൽ, ഇൻസ്പെക്ടർ അനൂപ് , അസി സബ്ബ് ഇൻസ്പെക്ടർ ഷാജി, സജി, രാജേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ഇഗ്നേഷ്യസ്, ഷൈജി സിവിൽ പോലീസ് ഓഫീസർ ശ്രീലക്ഷ്മി എന്നിവരാണ് ഉണ്ടായിരുന്നത്.