മലപ്പുറം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ യുവതിയും യുവാവും അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശി അൻസീന (29) ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരാണ് അറസ്റ്റിലായത്. ഒരു ലക്ഷത്തോളം രൂപയാണ് ഇവരുടെ ചതിയിൽ അകപ്പെട്ട യുവാവിന് നഷ്ടമായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സോഷ്യൽ മീഡിയ വഴിയാണ് യുവാവുമായി അൻസീന പരിചയത്തിലായത്. ഭർത്താവ് വിദേശത്താണെന്നായിരുന്നു യുവതി യുവാവിനോട് പറഞ്ഞിരുന്നുത്. തുടർന്ന് കാണുവാനായി വീട്ടിലേക്ക് വരണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ച യുവാവ് യുവതിയുടെ നിർദ്ദേശ പ്രകാരം വീട്ടിലേക്ക് എത്തുകയായിരുന്നു.
എന്നാൽ വീടിന് സമീപം എത്തിയ യുവാവിനെ യുവതിയുടെ ഭർത്താവ് ഷുഹൈബ്, സുഹൃത്ത് മൻസൂർ, ഷഹബാബ് എന്നിവർ ചേർന്ന് തടയുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം യുവാവിന്റെ പക്കൽ 17,000 രൂപയുണ്ടായിരുന്നു. ഷുഹൈബും സംഘവും യുവാവിനെ മർദ്ദിച്ച് ഈ പണവും കയ്യിലെ മൊബൈൽ ഫോണും പിടിച്ചെടുത്തു.
യുവാവ് വീട്ടിൽ എത്തിയ ശേഷം അൻസീന വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഭർത്താവ് സംഭവം അറിഞ്ഞാൽ പ്രശ്‌നം ആകുമെന്നും അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നും നിർദ്ദേശിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ നൽകണം എന്നായിരുന്നു യുവാവിനോട് ആവശ്യപ്പെട്ടിരുന്നത്. ഭയന്ന യുവാവ് സുഹൃത്തുക്കൾ വഴി 25,000 രൂപയും നൽകി.
ഇതിന് ശേഷം ഇയാളുടെ പേരിൽ പ്രതികൾ വായ്പയെടുത്ത് മൊബൈൽ ഫോണും വാങ്ങിച്ചു. തന്റെ കുടുക്കിയത് ആണെന്ന് മനസ്സിലായതോടെ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് എടുത്തതോടെ ഷുഹൈബും മുനീറും ഒളിവിലാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.