കൊച്ചി:മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹണി റോസ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ട്രിവാൻഡം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി. അനൂപ് മേനോൻ തിരക്കഥയും സംവിധാനവും ചെയ്ത സിനിമയിൽ വ്യത്യസ്തയായ ഒരു എഴുത്തുകാരിയുടെ വേഷം ആയിരുന്നു ഹണി റോസ് ചെയ്തത്. സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായി ഹണി റോസ് പിന്നീട് ഉയർന്നു.
മോൺസ്റ്റർ ആണ് ഹണി റോസിന്റെ ഒടുവിൽ സപുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. വൈശാഖ് സംവിധാനം ചെയ്ത സിനിമയിൽ മുഴുനീള വേഷമായിരുന്നു ഹണി റോസ് ചെയ്തത്. അടുത്തുടെ മിർച്ചി മലയാളത്തിന് ഹണി റോസ് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മുമ്പൊരിക്കൽ മോഹൻലാലിനെക്കുറിച്ച് ഹണി പറഞ്ഞെന്ന തരത്തിൽ ഒരു സ്ക്രീൻ ഷോട്ട് പ്രചരിച്ചതിനെക്കുറിച്ചാണ് ഹണി സംസാരിച്ചത്. എന്റെ വളർച്ചയിൽ എല്ലായിടത്തും ലാലേട്ടന്റെ കൈത്താങ്ങുണ്ട് എന്ന വാചകവും ഒപ്പം മോശം അർത്ഥത്തിലുള്ള ഒരു ചിത്രവുമായിരുന്നു ഇത്. ‘സോഷ്യൽ മീഡിയ എന്നത് ഏതൊക്കെ രീതിയിൽ നമ്മളെ അറ്റാക്ക് ചെയ്യുമെന്ന് പറയാൻ പറ്റില്ല. ഞാൻ പറയാത്ത കാര്യമാണത്. ഒരു ദിവസം രാവിലെ എനിക്ക് കുറേ മെസേജുകൾ വന്നു’
‘ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ആയിരുന്നു. ഞാൻ ഭയങ്കര ഷോക്ക് ആയിപ്പോയി. ആ ഫോട്ടോ കാണുമ്പോൾ അറിയാം നല്ല രീതിയിൽ ഇട്ട ഫോട്ടോ അല്ലെന്ന്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര ദേഷ്യം വന്നു. പരാതി നൽകണം എന്ന് വീട്ടിൽ പറഞ്ഞു. നമ്മൾ പറയാത്ത ഒരു കാര്യം നമ്മൾ പറഞ്ഞെന്ന രീതിയിൽ കൊടുക്കുന്നത് ഭയങ്കര മോശം കാര്യമാണ്’
‘അമ്മ പറഞ്ഞു. ഇതിപ്പോൾ പരാതി നൽകിയാൽ കുറച്ചു കൂടി ആളുകൾ കാണും, പല തരത്തിൽ തലക്കെട്ടുകൾ വളച്ചൊടിച്ച് വരും. തൽക്കാലം അവിടെ നിൽക്കട്ടെ, അഭിമുഖങ്ങളിൽ ഇതിൽ വ്യക്തത വരുത്താലോ എന്ന്. ലാലേട്ടൻ ഇത് കണ്ട് ഞാൻ പറഞ്ഞതാണെന്ന് കരുതി തെറ്റിദ്ധരിക്കരുതെന്നതിനാൽ സ്ക്രീൻ ഷോട്ട് അയച്ച് ഞാൻ പറഞ്ഞതല്ല എന്ന് മെസേജ് അയച്ചിരുന്നു. ലീവ് ഇറ്റ്, അതൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്’
ഞാനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന നടനാണ് അദ്ദേഹം. അദ്ദേഹത്തെ ഇത്തരം കാര്യങ്ങളിൽ വലിച്ചിഴക്കുന്നത് മോശമാണെന്നും ഹണി റോസ് പറഞ്ഞു.
ഉദ്ഘാടനങ്ങൾക്ക് നേരത്തെ മുതൽ പോവുന്നതാണ്. സിനിമ ഇല്ലാത്തപ്പോഴും ഉദ്ഘാടന പരിപാടികൾക്ക് ഒരു മുടക്കവും വന്നിട്ടില്ല. ഈ അടുത്താണ് വീഡിയോകൾ വൈറലാവുന്നതും ട്രോളുകളും കാര്യങ്ങളും വരുന്നത്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം നേരിട്ട് ആളുകളുമായി സംസാരിക്കുന്നത് പോസിറ്റീവ് വൈബ് ആണ്. ഞാനത് ശരിക്കും എൻജോയ് ചെയ്തിട്ടുണ്ട്.
അതേസമയം തന്നെ ബോഡി ഷെയ്മിംഗിന്റെ ഭയനാകമായ വെർഷനാണ് നടന്ന് കൊണ്ടിരിക്കുന്നത്. പക്ഷെ ഇത്തരം കമന്റിടുന്നവർ സമൂഹത്തിലെ ഒരു ചെറിയ വിഭാഗമാണ്. തന്റെ ബന്ധുക്കളിലോ സുഹൃത്തുക്കളിലോ അത്തരം ആളുകൾ ഇല്ല. പലരും ഫേക്ക് ഐഡിയിൽ നിന്നാണ് സൈബർ ആക്രമണം നടത്തുന്നതെന്നും ഹണി റോസ് പറഞ്ഞു.