ദോഹ: പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോ വിജയിച്ചത്. ഒരു പെനാല്‍റ്റി കിക്ക് പോലും വലയിലെത്തിക്കാന്‍ സാധിക്കാതെ ദയനീയമായാണ് സ്‌പെയിന്‍ കീഴടങ്ങിയത്.
ലോകകപ്പിന് വരുന്നതിന് മുന്നേ പെനാല്‍റ്റി ഷൂട്ടൗട്ടിനായി തയ്യാറെടുക്കാന്‍ സ്‌പെയിന്‍ താരങ്ങളോട് പരിശീലകന്‍ ലൂയിസ് എന്‌റിക്വെ പറഞ്ഞിരുന്നു.
ഒരു വര്‍ഷം മുമ്പ് തന്നെ നാഷണല്‍ ക്യാമ്പില്‍ വെച്ച് താരങ്ങള്‍ക്ക് ഹോം വര്‍ക്ക് നല്‍കി. ക്ലബ്ലിനായി പരിശീലിക്കുമ്പോള്‍ ഓരോ താരവും 1000 പെനാല്‍റ്റി കിക്കുകളെടുക്കണം.-എന്‌റിക്വെ മത്സരത്തിന് മുമ്പ് പറഞ്ഞു ഇത് ലോട്ടറിയല്ലെന്നും പരിശീലിച്ചാണ് പെനാല്‍റ്റിയില്‍ മെച്ചപ്പെടുകയെന്നും എന്‌റിക്വെ കൂട്ടിച്ചേര്‍ത്തു.
പക്ഷേ പ്രീ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ദയനീയമായി തകര്‍ന്നടിയുന്ന സ്‌പെയിനിനെയാണ് കണ്ടത്. ഒരു കിക്കും വലയിലെത്തിക്കാന്‍ സ്പാനിഷ്താരങ്ങള്‍ക്കായില്ല.
പാബ്ലോ സരാബിയയെടുത്ത ആദ്യ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. കാര്‍ലോ സോളറെടുത്ത സ്‌പെയിനിന്റെ രണ്ടാം കിക്ക് മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോനു തടുത്തിട്ടു. മൂന്നാം കിക്കെടുത്ത സെര്‍ജിയോ ബുസ്‌കെറ്റ്‌സിനും പിഴച്ചു. ബോനു വീണ്ടും ഹീറോയായപ്പോള്‍ സ്‌പെയിന്‍ നിരാശയോടെ മടങ്ങി.