കോട്ടയം: വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടി.വി. നൽകിയശേഷം ഇവരുടെ സ്വർണമാല മോഷ്ടിച്ചെടുത്ത ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മരട് ആനക്കാട്ടിൽ വീട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), എറണാകുളം പെരുമ്പടപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം വീട്ടിൽ അർജുൻ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. ഒക്ടോബർ 16-നായിരുന്നു സംഭവം. വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തുവരുകയായിരുന്നു. ഈ വകയിൽ കൂലി കുടിശ്ശികയുമുണ്ടായി.
കൈയിൽ പണമില്ലാത്തതിനാൽ പ്രതിയുടെ വീട്ടിലിരിക്കുന്ന ടി.വി. നൽകാമെന്നും, കുടിശ്ശികയായ കൂലി കുറച്ചശേഷം ടി.വി.യുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താൽ മതിയെന്നും ഇരുവരും സമ്മതിച്ചു.
അടുത്തദിവസം ടി.വി. ഫിറ്റ്ചെയ്യുന്നതിനായി ആഷിക്കും ഭാര്യയും സുഹൃത്തായ അർജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ടി.വി. ഫിറ്റ് ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം. വീട്ടമ്മയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
ഒളിവിൽ കഴിഞ്ഞുവന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയിൽ നിന്നാണ് പിടികൂടിയത്. അർജുനെ എറണാകുളത്തുനിന്നുപിടിച്ചു. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ.മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ, സി.പി.ഒ.മാരായ കെ.എൻ. രാജേഷ്, ഷൈൻതമ്പി, സലിമോൻ, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.