ഹോംഗാര്‍ഡിന്റെ നിലവിളി രക്ഷയായി; വിദ്യാര്‍ഥി ബസിന്റെ ടയറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

പറവൂര്‍: പറവൂര്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ ചേന്ദമംഗലം കവലയില്‍ സൈക്കിളില്‍ സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രക്ഷകനായത് കവലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് എം.ജെ. തോമസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന്. വരാപ്പുഴ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങള്‍ കവലയിലെ സിഗ്നലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ചാത്തനാട് സ്വദേശിയായ പാലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് സമീപത്ത് സൈക്കിളുമായി നിന്നിരുന്നു. സ്‌കൂളിലേക്ക് പോകുകയായിരുന്നു കുട്ടി.

കവലയ്ക്ക് വീതി കുറവായതിനാല്‍ സാധാരണയായി ഇവിടെ സിഗ്നല്‍ വീണാല്‍ സൈക്കിളുകളും ഇരുചക്രവാഹനങ്ങളും പോയശേഷമാണ് ബസുകള്‍ പോകുക. സിഗ്നല്‍ വീണപ്പോള്‍ വിദ്യാര്‍ഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിന് തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞു. സൈക്കിളിന്റെ പിന്‍ചക്രം ബസിന്റെ ഇടതുവശത്തെ മുന്‍ചക്രത്തിന്റെ ഇടയില്‍പ്പെട്ടു. ഇത് കണ്ടുനിന്ന ഹോംഗാര്‍ഡ് തോമസ് ഉച്ചത്തില്‍ ബഹളംവച്ച് ഓടിയെത്തി.

തോമസിന്റെ ശബ്ദംകേട്ട് ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതിനാല്‍ വിദ്യാര്‍ഥി ടയറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടു.ബസ് ജീവനക്കാര്‍ സൈക്കിള്‍ നന്നാക്കി നല്‍കി. വിദ്യാര്‍ഥിക്ക് ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ പോകാനും തിരിച്ചുവരാനും ആവശ്യമായ പണവും കൊടുത്തു.വീതികുറഞ്ഞ ചേന്ദമംഗലം കവല വികസിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും അധികൃതര്‍ക്ക് അത് യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

മുന്‍ സൈനികനായ എം.ജെ. തോമസ് 12 വര്‍ഷമായി പറവൂരില്‍ ഹോംഗാര്‍ഡാണ്. ഇദ്ദേഹത്തിന്റെ ട്രാഫിക് നിയന്ത്രണ രീതി വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. തോമസ് ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മികച്ച ഹോംഗാര്‍ഡിനുള്ള സംസ്ഥാനതല പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ തോമസ് നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News