വീട്ടിലേക്ക് പോകുമ്പോൾ കാർ ഇടിച്ചുവീഴ്ത്തി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; നിർത്താതെ പോയ കാറിനായി തിരച്ചിൽ ഉർജ്ജിതമാക്കി പോലീസ്

വീട്ടിലേക്ക് പോകുമ്പോൾ ഇടിച്ചുവീഴ്ത്തി; നിർത്താതെ കടന്നുകളഞ്ഞ് ക്രൂരത; ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം; കാറിനായി തിരച്ചിൽ ഉർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന് ദാരുണാന്ത്യം. വടകര വള്ളിക്കാട് ടൗണിലാണ് സംഭവം നടന്നത്. വടകര കപ്പൊയില്‍ അമല്‍കൃഷ്ണ(27) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം സംഭവിച്ചത്.

വീട്ടിലേക്ക് പോവുകയായിരുന്ന അമലിനെ വള്ളിക്കാട് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം സംഭവസ്ഥലത്ത് നിന്നും കാർ കടന്നുകളഞ്ഞു. നാദാപുരം ഭാഗത്ത് നിന്ന് എത്തിയ കാര്‍ വടകര ഭാഗത്തേക്കാണ് പോയത്.

തലയ്ക്ക് മാരകമായി പരിക്കേറ്റ അമലിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് വടകര പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News